അനിൽ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വായ്പാ അക്കൗണ്ടിനെ എസ്ബിഐയില്‍ ‘വഞ്ചന’യായി തരംതിരിക്കാനാണ് തീരുമാനിച്ചു. കൂടാതെ കമ്പനിയുടെ മുന്‍ ഡയറക്ടറായ അനില്‍ അംബാനിയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് റിപ്പോര്‍ട്ട് ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയുടെ ഈ ‘എക്‌സ്-പാര്‍ട്ടെ ഓര്‍ഡറില്‍’ അനില്‍ അംബാനി ഞെട്ടല്‍ പ്രകടിപ്പിച്ചു. ബാങ്ക് തന്നെ വ്യക്തിപരമായി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അതിന്റെ അനുബന്ധങ്ങളുടെയും പൂര്‍ണ്ണ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ രേഖകള്‍ നല്‍കുന്നതില്‍ എസ്ബിഐ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവങ്ങള്‍ നടന്ന സമയത്ത് താന്‍ കമ്പനിയുടെ ഒരു നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നുവെന്നും, ആര്‍കോമിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിയായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറ്റ് നോണ്‍-എക്‌സിക്യൂട്ടീവ്, സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്കെതിരെ മുമ്പ് നല്‍കിയ സമാന നോട്ടീസുകള്‍ പിന്‍വലിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടികാണിക്കുന്നു.
അനില്‍ അംബവനിയുടെ വാദം കേള്‍ക്കാതെയുള്ള എസ്ബിഐയുടെ ഉത്തരവ് സുപ്രീം കോടതി, ബോംബെ ഹൈക്കോടതി വിധികളെയും, ആര്‍ബിഐ മാനദണ്ഡങ്ങളെയും ലംഘിക്കുന്നുവെന്നാണ് റിലയന്‍സിന്റെ പക്ഷം. അതുകൊണ്ട് തന്നെ തട്ടിപ്പ് വര്‍ഗ്ഗീകരണം ഉടന്‍ പിന്‍വലിക്കണമെന്നും, വ്യക്തിപരമായ വാദം കേള്‍ക്കാനുള്ള അവസരം നല്‍കണമെന്നും അനില്‍ അംബാനിയുടെ അഭിഭാഷകന്‍ എസ്ബിഐയോട് ആവശ്യപ്പെടുന്നുണ്ട്.
ആര്‍കോമിനും, അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും നല്‍കിയ 31,580 കോടി വായ്പയില്‍ കൃത്രിമത്വം ആരോപിക്കപ്പെടുന്നു. ഫോറന്‍സിക് ഓഡിറ്റ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. വായ്പയുടെ പ്രധാന ഭാഗം (ഏകദേശം 12,692 കോടി, അല്ലെങ്കില്‍ 41%) ബന്ധിത കക്ഷികള്‍ക്ക് വഴിതിരിച്ചുവിട്ടതായി പറയപ്പെടുന്നു. ലഭിച്ച ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും, ഇടപാടുകള്‍ മറയ്ക്കാന്‍ സബ്‌സിഡിയറികള്‍ വഴി വഴിതിരിച്ചുവിട്ടതായും, കമ്പനിയുടെ പുസ്തകങ്ങളില്‍ കൃത്രിമം നടന്നതായും കണ്ടെത്തി.
ലഭിച്ച പണം മ്യൂച്വല്‍ ഫണ്ടുകളിലോ, സ്ഥിര നിക്ഷേപങ്ങളിലോ താല്‍ക്കാലികമായി പാര്‍ക്ക് ചെയ്യുന്നതും, വെളിപ്പെടുത്തല്‍ ഒഴിവാക്കാന്‍ ഇന്‍ട്രാ-ഡേ ഇടപാടുകള്‍ നടത്തിയതിന്റെയും സൂചനകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുന്നു. ദേന ബാങ്കില്‍ നിന്ന് നിയമപരമായ കുടിശികയ്ക്കായി ഉദ്ദേശിച്ചിരുന്ന 250 കോടി വായ്പ ഇന്റര്‍-കോര്‍പ്പറേറ്റ് നിക്ഷേപമായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് വകമാറ്റിയതും, ഐഐഎഫസിഎല്ലില്‍ നിന്നുള്ള 248 കോടി മൂലധന ചെലവ് വായ്പ ദുരുപയോഗം ചെയ്തതും വഞ്ചനാപരമായി കണക്കാക്കപ്പെടുന്നു.