‘ആനന്ദം’, ‘ഹെലൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും നിർമ്മാതാവിന്‍റെ കുപ്പായമണിഞ്ഞ് മെറിലാൻഡ് സിനിമാസിനോടൊപ്പം ത്രില്ലർ ചിത്രമൊരുക്കാൻ ഒരുങ്ങി വിനീത് ശ്രീനിവാസൻ. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിത്. വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്ണണ്യവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. പൂജ റിലീസായി സെപ്റ്റംബർ 25ന് ചിത്രം തിയറ്ററുകളിലെത്തും.
പ്രണയത്തിനും സൗഹൃദത്തിനും കുടുംബ ബന്ധങ്ങള്‍ക്കും ഒക്കെ പ്രാധാന്യം നൽകുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി ത്രില്ലർ ചിത്രവുമായി വിനീത് ശ്രീനിവാസൻ എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. സിനിമയുടെ ടൈറ്റിൽ വരും ദിവസങ്ങളിൽ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.
ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനും നായികയായി എത്തുന്ന ചിത്രത്തിൽ നായകനായി നോബിൾ ബാബു എത്തുന്നു. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
STORY HIGHLIGHT: vineeth sreenivasan thriller movie