ചരിത്ര നേട്ടവുമായി ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടിയായി ദീപിക പദുക്കോൺ. ഹോളിവുഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ നിന്നുള്ള വാക്ക് ഓഫ് ഫെയിം സെലക്ഷന്‍ പാനലാണ് നടി ഉള്‍പ്പെടെയുള്ളവരെ ബഹുമതിക്കായി തിരഞ്ഞെടുത്തത്.
മിലി സൈറസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പമാണ് 2026-ലെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാര്‍ ദീപികയ്ക്ക് ലഭിച്ചത്. നൂറുകണക്കിന് നാമനിര്‍ദ്ദേശങ്ങളില്‍ നിന്ന് ജൂണ്‍ 20-നാണ് പാനല്‍ അര്‍ഹരായവരെ കണ്ടെത്തിയത്. ജൂണ്‍ 25-ന് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് പാനലിന്റെ തീരുമാനത്തിന് അംഗീകാരം നല്‍കിയതോടെയാണ് ദീപികാ പദുക്കോണ്‍ ചരിത്രത്തില്‍ ഇടംപിടിച്ചത്.
മിലി സൈറസ്, തിമോത്തി ചലാമെറ്റ്, ഹോളിവുഡ് താരം എമിലി ബ്ലണ്ട്, ഫ്രഞ്ച് താരം കോട്ടിലാര്‍ഡ്, കനേഡിയന്‍ താരം റെയ്ച്ചല്‍ മക്ആദംസ്, ഇറ്റാലിയന്‍ താരം ഫ്രാങ്കോ നീറോ, സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റംസായ് എന്നിവരാണ് ദീപികയ്‌ക്കൊപ്പം ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി നേടിയവര്‍.
വര്‍ഷങ്ങളായി ദീപികാ പദുക്കോണ്‍ അന്താരാഷ്ട്രതലത്തില്‍ ചുവടുറപ്പിച്ചിട്ടുണ്ട്. 2017-ലാണ് ദീപിക ആദ്യമായി ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിന്‍ ഡീസലിനൊപ്പം എക്‌സ് എക്‌സ് എക്‌സ്: റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കെയ്ജ് എന്ന ചിത്രത്തിലായിരുന്നു ദീപികയുടെ അരങ്ങേറ്റം. ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയിലും വെറൈറ്റി ഇന്റര്‍നാഷണല്‍ വിമന്‍സ് ഇംപാക്ട് റിപ്പോര്‍ട്ടിലും താരം ഇടംപിടിച്ചിട്ടുണ്ട്. 2023-ല്‍ ഓസ്‌കാര്‍ പുരസ്‌കാരവേദിയിലെ അവതാരകരില്‍ ഒരാളുമായിരുന്നു ദീപിക. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആഗോളതലത്തില്‍ പരിചയപ്പെടുത്തിയത് ദീപികയായിരുന്നു.