സ്ഥലപരിമിതിയുള്ളവർക്കും ടെറസിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഉതകുന്ന ഒരു നൂതന കൃഷിമുറയാണ് ഗ്രോബാഗിലെ കൃഷിരീതി. മണ്ണില്ലാത്തയിടങ്ങളിൽ പച്ചക്കറി കൃഷി നടത്താൻ ഗ്രോ ബാഗ് സഹായിക്കുന്നു. എന്നാൽ മണ്ണിൽ കൃഷിചെയ്യുന്നതിൽനിന്നും വ്യത്യസ്തമാണ് ഗ്രോബാഗിലെ കൃഷിരീതി.
നടുന്നത് മുതൽ വിളവെടുപ്പിൽ വരെയുണ്ട് വ്യത്യാസങ്ങൾ. ഗ്രോബാഗ് കൃഷിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അതിന്റെ വളപ്രയോഗത്തിൽ തന്നെയാണ്.
ഏത് കൃഷിയാണെങ്കിലും ഗ്രോ ബാഗില്‍ നടീല്‍ മിശ്രിതം നിറക്കുമ്പോള്‍ കുറച്ച് ഉണങ്ങിയ കരിയില കൂടി ചേര്‍ത്ത് നിറക്കുന്നത് എപ്പോഴും ഗുണം ചെയ്യും. കരിയില പതിയെ മണ്ണിൽചേർന്ന് വളമായി മാറിക്കൊള്ളും. ഇതിനു പുറമെ ഉണങ്ങിയ ചാണകപ്പൊടിയും ആട്ടിന്‍ കാഷ്ഠവും എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കുമെല്ലാം ഗ്രോബാഗിൽ മണ്ണിനൊപ്പം ചേർക്കാവുന്നതാണ്. ആദ്യ ഘട്ടത്തിൽ വളർച്ചക്കായി ഈ വളങ്ങൾതന്നെ ധാരാളമാണ്. പിന്നീട് ചെടിയുടെ വളർച്ചക്കനുസരിച്ച് വളപ്രയോഗം നടത്താം.
തൈ ആയാൽ
കൃഷി തുടങ്ങിക്കഴിഞ്ഞാൽ ആദ്യ രണ്ടാഴ്ച വളപ്രയോഗത്തിന്റെ ആവശ്യമില്ല. കാരണം നമ്മൾ നേരത്തേ ഗ്രോബാഗ് തയാറാക്കുമ്പോൾ തന്നെ അത്യാവശ്യത്തിന് വളം ചേർത്തിട്ടുണ്ടാകും. വിത്ത് മുളച്ച് തൈ ആകുന്ന സമയം വരെ ഇത് ധാരാളമാണ്. കൃത്യമായ വെള്ളം ഒഴിച്ചുകൊടുക്കുക മാത്രം ശ്രദ്ധിച്ചാൽ മതി. തൈ വലുതായിത്തുടങ്ങിയാൽ ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ചുകൊടുക്കുന്നത് നന്നാകും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇരുപത് ഗ്രാം സ്യുഡോമോണസ് എന്ന തോതില്‍ മതിയാകും.
ഫിഷ് അമിനോ ആസിഡ്
ഫിഷ് അമിനോ ആസിഡ് പോലെയുള്ള ദ്രവ രൂപത്തിലുള്ള വളങ്ങളും രണ്ടാഴ്ചയിലൊരിക്കൽ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇത് ഇലകളില്‍ തളിക്കുന്നതും നല്ലതാണ്. വീട്ടില്‍ വാങ്ങുന്ന മത്തിയുടെ വേസ്റ്റ് ഉപയോഗിച്ചുകൊണ്ട് ഫിഷ് അമിനോ ആസിഡ് തയാറാക്കാവുന്നതാണ്. കൃഷി ഓഫിസുകളിൽനിന്ന് ഇതിനായി കൃത്യമായ മാർഗനിർദേശം ലഭിക്കും. ഇത് ഉപയോഗിക്കുമ്പോൾ എപ്പോഴും 20 മുതല്‍ 40 ശതമാനം വരെ ഇരട്ടി വെള്ളം ചേര്‍ത്ത് വേണം ഒഴിക്കാൻ എന്നത് ഓർക്കുക.
കടലപ്പിണ്ണാക്ക്
വളങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് കടലപ്പിണ്ണാക്ക്. കാരണം, ചെടികള്‍ക്ക് ഏറ്റവും ആവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ധാരാളം കടല പ്പിണ്ണാക്കിൽ അടങ്ങിയിട്ടുണ്ട്. ഒരു ചെടിക്ക് 25-50 ഗ്രാം വരെ ഒരു തവണ വളപ്രയോഗം നടത്താം.
കടലപ്പിണ്ണാക്കിനൊപ്പം അൽപം വേപ്പിൻ പിണ്ണാക്കുകൂടി ചേർത്ത് പ്രയോഗിക്കുന്നതാകും കൂടുതൽ നല്ലത്. ഇത് ഇട്ടശേഷം മണ്ണ് ചെറുതായി ഇളക്കി മൂടാം. ഇത് മൂന്നാഴ്ച കൂടുമ്പോൾ തുടരുന്നത് ചെടിയുടെ ആരോഗ്യത്തിന് സഹായിക്കും. കടലപ്പിണ്ണാക്ക് വെള്ളത്തിലിട്ട് മുന്നുദിവസം വെച്ച് അതിന്റെ തെളി എടുത്ത് നേര്‍പ്പിച്ച് ചെടികളിൽ തളിച്ചുകൊടുക്കുന്നതും നല്ലതാണ്. ഇതേരീതിയിൽ വേപ്പിൻ പിണ്ണാക്കും ഉപയോഗിക്കാം. കീടബാധ ഇല്ലാതാക്കാൻ ഇത് സഹായിക്കും.
സി-പോം
പ്രകൃതിദത്ത ജൈവവളമായ സി-പോം ആണ് വളങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊന്ന്.