വിമാനക്കമ്പനിയില്‍ നിന്ന് റീഫണ്ട് സ്വന്തമാക്കാൻ തന്റെ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ബ്രിട്ടീഷ് യൂട്യൂബര്‍ മാക്‌സ് ഫോഷ് എന്നറിയപ്പെടുന്ന മാക്‌സിമിലിയന്‍ ആര്‍തര്‍ ഫോഷ്. ഏകദേശം 37.28 പൗണ്ട് റീഫണ്ട് തുക കൈക്കലാക്കാനാണ് മാക്‌സ് മരണം വ്യാജമായി സൃഷ്ടിച്ചത്. എങ്ങനെയാണ് താൻ വ്യാജമായി തന്റെ മരണം ചിത്രീകരിച്ചതെന്ന വീഡിയോയും മാക്സ് യൂട്യൂബിൽ പങ്കുവെക്കുകയും ചെയ്തു.
വ്യാജ മരണത്തിന് തെളിവുണ്ടാക്കാനായി മാക്സ് ഫോഷ് വടക്കന്‍ ഇറ്റലിയിലെ സ്വയം പ്രഖ്യാപിത മൈക്രോ നേഷനായ സെബോര്‍ഗ പ്രിന്‍സിപ്പാലിറ്റി സന്ദർശിച്ചു. സന്ദര്‍ശനത്തിന് അനുമതി ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയെന്നും. സെബോര്‍ഗയിലെ പ്രിന്‍സസ് നിന മെനെഗറ്റോയാണ് മാക്സ് ഫോഷിനെ സ്വാഗതം ചെയ്തത്. അവിടെ ഒരു ഔദ്യോഗിക സ്വീകരണമാണ് ഫോഷിന് ലഭിച്ചത്. പ്രിന്‍സസില്‍ നിന്നാണ് ഫോഷ് ഔദ്യോഗിക മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
ഈ മരണ സര്‍ട്ടിഫിക്കറ്റ് കാണിച്ച് എയര്‍ലൈനില്‍ നിന്ന് റീഫണ്ടിന് അപേക്ഷിച്ചു. അവര്‍ അത് സ്വീകരിക്കുകയും ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ റീഫണ്ട് വാങ്ങരുതെന്നും നടപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഇത് വഞ്ചനാപരമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ തന്നെ പിന്തിരിപ്പിച്ചുവെന്നും ഫോഷ് പറയുന്നു.
നിരവധിപേരാണ് മാക്സ് പങ്കുവെച്ച വീഡിയോയെ പിന്തുണച്ചും വിമർശിച്ചും രംഗത്തു വന്നിരിക്കുന്നത്. ഏതായാലും ഇതിനോടകം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
STORY HIGHLIGHT: YouTuber fakes death for flight refund