തിരുവനന്തപുരം: എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തിരുവനന്തപുരത്ത് എത്തി. തകരാർ പരിഹരിച്ചില്ലെങ്കിൽ ചിറകുകൾ അഴിച്ചു മാറ്റി ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകും. തകരാറിനെ തുടർന്ന് ജൂൺ 14ന് ആണ് ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് എൻജിനീയർമാർ എത്തിയത്. വിമാനം ഇന്ന് തിരികെ പോകും. എൻജിനീയർമാർ ഇവിടെ തുടരും. 17 പേരാണ് സംഘത്തിലുള്ളത്.
ഇന്ത്യ–പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽനിന്നു പറന്നുയർന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. വിമാനവാഹിനി കപ്പലിൽനിന്ന് 2 എൻജിനീയർമാർ ഹെലികോപ്റ്ററിൽ എത്തിയെങ്കിലും തകരാർ പരിഹരിക്കാനായില്ല. പൈലറ്റ് ഇതേ കോപ്റ്ററിൽ മടങ്ങി. ബ്രിട്ടനിൽനിന്നുള്ള ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ തുടർന്നു.
ശത്രുവിന്റെ റഡാർ കണ്ണുകളെ വെട്ടിക്കാൻ കഴിവുള്ള സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഈ വിമാനങ്ങൾ ഇതുവരെ ഇരുപതിലധികം തവണ അപകടത്തിൽപ്പെട്ടിട്ടുണ്ട്. യുഎസിന്റെ വിമാനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. ഇസ്രയേൽ, ബ്രിട്ടൻ, ജപ്പാൻ, െതക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് നിർമാതാക്കൾ.