തീയൽ വിഭവങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. മിക്കവർക്കും കഴിക്കാൻ മടിയുള്ള പച്ചക്കറികളിൽ ഒന്നാണ് വഴുതനങ്ങ. എന്നാൽ ഇനി വഴുതനങ്ങ ഇഷ്ടമില്ലെങ്കിൽ കൂടി ഇങ്ങനെ വെച്ചാൽ നിങ്ങൾക്ക് ഇഷ്ടാവും. നാടൻ വഴുതനങ്ങ തീയൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- വഴുതനങ്ങ – 200 gm
- ചുവന്നുള്ളി – ഒരു പിടി
- പച്ചമുളക് – രണ്ട്
- ഇഞ്ചി – ചെറിയ കഷ്ണം
- തേങ്ങ – 6 സ്പൂൺ
- ജീരകം – ഒരു നുള്ള്
- വാളൻപുളി – കാൽ കപ്പ്
- മുളകുപൊടി – ഒരു സ്പൂൺ
- മല്ലിപ്പൊടി – അര ടീസ്പൂൺ
- കായപ്പൊടി – നുള്ള്
- ശർക്കര – ഒരു ചെറിയ കഷ്ണം
- വറ്റൽമുളക് – 2
- കടുക് – അരസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ
തയ്യറാക്കുന്ന വിധം
വഴുതനങ്ങ നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് ചുവന്നുള്ളി ചേർത്തു വഴറ്റുക. ചുവന്നുള്ളിയുടെ നിറം മാറി വരുമ്പോൾ പച്ചമുളക്, ഇഞ്ചി ചതച്ചത്, കറിവേപ്പിലയും ചേർത്തിളക്കുക. അതിലേക്ക് വഴുതനങ്ങ കഷ്ണങ്ങളൾ ചേർത്തിളക്കി അടച്ചു വച്ച് വേവിക്കുക. മറ്റൊരു പാത്രം അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് കായം ചേർത്ത് ഒപ്പം തേങ്ങ ചിരകിയതും ചേർത്തിളക്കി വേവിക്കുക. തേങ്ങ വെന്തു വരുമ്പോൾ അടുപ്പണച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ചൂടാറിയതിനു ശേഷം ഇത് അരച്ചെടുക്കുക. പാനിലേക്ക് അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക. വറ്റൽമുളകും, കറിവേപ്പിലുയും, ഒരു നുള്ള് ജീരകവും ചേർത്തു വറുക്കുക. അരപ്പ് ഇതിൽ ചേർത്ത്, പുളി കുതിർത്തു വച്ചിരുന്ന വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വയ്ക്കുക. കറി തിളച്ച എണ്ണ തെളിഞ്ഞു വരുമ്പോൾ വേവിച്ചു വച്ച വഴുതനങ്ങ കഷ്ണവും ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. വഴുതനങ്ങ തീയൽ തയ്യാർ.
STORY HIGHLIGHT : Vazhuthananga Theeyal