ബിഗ് ബജറ്റ് ഇല്ലാതെ വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. ചിത്രത്തിന് തമിഴ്‌നാട്ടിലും കേരളത്തിലും വൻ വരവേൽപ്പായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ അഭിഷൻ ജീവന്ത് ഇനി നായകൻ ആകാൻ ഒരുങ്ങുന്നു. മാത്രമല്ല ചിത്രത്തിൽ നായിക മലയാളികളുടെ ഇഷ്ട താരം കൂടിയായ അനശ്വര രാജൻ ആണ്.
‘ടൂറിസ്റ്റ് ഫാമിലി’യിലെ സഹ സംവിധായകരിൽ ഒരാൾ ഒരുക്കുന്ന ചിത്രത്തില്‍ ആണ് അനശ്വര നായികയായി എത്തുന്നത്.‘കറക്ടെഡ് മച്ചി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് എന്റർടെയ്നറായിരിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമ അപ്രതീക്ഷിതമായി തമിഴ് ബോക്സോഫിസിൽ ഉണ്ടാക്കിയ വിജയം പലർക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കേവലം 25 വയസ്സു മാത്രം പ്രായമുള്ള, ഓരോ ശ്വാസത്തിലും സിനിമ മാത്രമുള്ള അഭിഷൻ ജീവന്ത് എന്ന യുവാവ് ഒരുക്കിയ സുന്ദര സിനിമയെ എഴുന്നേറ്റുനിന്നു കയ്യടിച്ച് അഭിനന്ദിച്ചവരിൽ പ്രമുഖരായ ചലച്ചിത്ര പ്രവർത്തകരുമുണ്ട്.