ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിംഗ് (ഇഎസ്ഡിഎം) കമ്പനിയായ കെയ്ന്‍സ് ടെക്‌നോളജി കേരളത്തിലേക്ക് എത്തുന്നു. പെരുമ്പാവൂരില്‍ കിന്‍ഫ്ര വികസിപ്പിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കെയ്ന്‍സിന് ഉല്‍പാദന യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഭൂമി അനുവദിക്കും. ഇന്‍ഡ്‌സട്രിയല്‍ എസ്‌റ്റേറ്റിലെ ഭൂമി സന്ദര്‍ശിച്ചശേഷം സ്ഥാപനമേധാവികള്‍ വ്യവസായ മന്ത്രി പി.രാജീവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തില്‍ വ്യവസായ വകുപ്പുമായി കെയ്ന്‍സ് കൈമാറിയ ധാരണാപത്രത്തില്‍ 500 കോടി രൂപയുടെ നിക്ഷേപവും രണ്ടായിരത്തില്‍പരം തൊഴിലവസരങ്ങളുമാണ് കേരളത്തില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍, വ്യവസായം, റയില്‍വേ, മെഡിക്കല്‍, വ്യോമയാനം തുടങ്ങി ആഗോളതലത്തില്‍ വിവിധ മേഖലകളിലേക്ക് ആവശ്യമായ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന, കര്‍ണാടക ആസ്ഥാനമായ കമ്പനിക്ക് നിലവില്‍ കേരളത്തിനു പുറത്ത് എട്ട് ഇടങ്ങളിലാണ് ഉല്‍പാദന യൂണിറ്റുകളുള്ളത്. കേരളത്തില്‍ കൊച്ചിയില്‍ ഇവരുടെ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പെരുമ്പാവൂര്‍ ചേലാമറ്റത്ത് ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലം വ്യവസായ പാര്‍ക്ക് വികസിപ്പിക്കുന്നതിന് കിന്‍ഫ്രയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കെയ്ന്‍സ് എംഡി രമേഷ് കണ്ണന്‍, പ്രസിഡന്റ് കെ. വിശ്വനാഥ്, സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് സ്ലീബാ ജോര്‍ജ്, വൈസ് പ്രസിഡന്റ് രവി. പി. ഐപ് എന്നിവര്‍ കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ ടി.ബി. അമ്പിളി, കെഎസ്‌ഐഡിസി മാനേജര്‍ ഡോ. ആഷിക് ഷയ്ക്, കിന്‍ഫ്ര സെന്‍ട്രല്‍ സോണ്‍ മേധാവി എ.കെ. ഗീഷ എന്നിവര്‍ക്കൊപ്പമാണ് ഇവിടെ സന്ദര്‍ശനം നടത്തിയത്.
ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടംഘട്ടമായി ആരംഭിക്കാന്‍ ലക്ഷ്യമിടുന്ന യൂണിറ്റിന്റെ ആദ്യഘട്ടം ഭൂമി കൈമാറിക്കിട്ടിയാല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കി ആവശ്യമായ ഭൂമി കെയ്ന്‍സ് ടെക്‌നോളജിക്ക് കൈമാറുമെന്നും ഇവരുടെ വരവിലൂടെ ഇത്തരത്തിലുള്ള കൂടുതല്‍ ഇലക്ട്രോണിക്‌സ് വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.