വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇത് ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അടിയന്തരമായി അവസാനിപ്പിക്കണം. രാജ്ഭവൻ രാഷ്ട്രീയ പ്രചരണത്തിനും മത പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം ഉണ്ട്. രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോൾ ഞങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ സാഹചര്യം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടാണ് ഇത് വീണ്ടും തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല തർക്കത്തിൽ ഇരകളാകുന്നത് വിദ്യാർഥികളാണെന്ന് വി ഡി സതീശൻ പറഞ്ഞു. സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇത്രയും ഗതികെട്ട ഒരു കാലം ഉണ്ടായിട്ടില്ല. വിഷയത്തിൽ ഇരുകൂട്ടരും കുറ്റക്കാരാണ്. എളുപ്പത്തിൽ പരിഹരിക്കാവുന്ന നിസ്സാരകാര്യങ്ങൾക്ക് വേണ്ടിയാണിപ്പോൾ തമ്മിലടിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.