യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇളയ മകനായ 19 വയസ്സുകാരൻ ബാരൺ ട്രംപ് ക്രിപ്റ്റോ ബിസിനസിലൂടെ നേടിയത് 40 മില്യൺ ഡോളർ.2024 സെപ്തംബറിലാണ് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന കമ്പനി ട്രംപ് ലോഞ്ച് ചെയ്തത്. ക്രിപ്റ്റോ ബിസിനസിനെക്കുറിച്ച് ബാരണ് നല്ല ധാരണയുണ്ടെന്ന് ഫോബ്സിന് നൽകിയ ഒരു അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ബാരൺ ചെറുപ്പമാണെങ്കിലും നാല് വാലറ്റുകൾ റൺ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ ഏകദേശം 550 മില്യൺ ഡോളറുകളുടെ ടോക്കൺ വില്പന നടത്തിയതായിട്ടാണ് കണക്കുകൾ. ഇതിൽ ആദ്യം ലഭിച്ച 30 മില്യൺ ഡോളർ മാറ്റി വെക്കുകയും, ബാക്കി തുക ഉടമകളുടെ സംരംഭത്തിലേക്ക് മാറ്റുകയും ചെയ്തു.
കമ്പനിയുടെ 52.5% ഓഹരികൾ തന്റെ ഉടമസ്ഥതയിലാണെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ബാക്കി 22.5% ട്രംപിന്റെ മറ്റ് കുടുംബാംഗങ്ങളാണ് കൈവശം വെച്ചിരിക്കുന്നത്. ഈ വിവരങ്ങൾ പബ്ലിക്കായി ലഭ്യമല്ലെങ്കിലും ട്രംപിന്റെ മക്കളായ ഡൊണാൾഡ് ജൂനിയർ, എറിക, ബാരൺ എന്നിവർക്ക് 7.5% വീതം ഓഹരി പങ്കാളിത്തമാണുള്ളത്.
ഇവിടെ ബാരൺ ട്രംപ്, നികുതിക്ക് മുമ്പ് ഏകദേശം 39 മില്യൺ ഡോളർ ടോക്കൺ സെയിൽസിലൂടെ മാത്രം നേടിയതായിട്ടാണ് റിപ്പോർട്ടുകൾ. നികുതി നൽകിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആസ്തിമൂല്യം 25 മില്യൺ ഡോളറുകളാണ്. ഈ പ്രൊജക്ടിന്റെ ‘web3 ambassador’ എന്ന ലേബലിലാണ് ബാരൺ ട്രംപ് അറിയപ്പെടുന്നത്.
വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ വെബ്സൈറ്റിൽ ഡൊണാൾഡ് ട്രംപിന്റെ മക്കളെല്ലാം സഹസ്ഥാപകർ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 വർഷത്തിന്റെ തുടക്കത്തില് കമ്പനിയിലെ ഓഹരികൾ ഭാഗികമായി വില്പന നടത്തിയിരുന്നു. ഇതിനാൽ ബാരൺ ട്രംപിന്റെ യഥാർത്ഥ വരുമാനത്തിൽ ഇതു മുതൽ മാറ്റം വന്നിരിക്കാൻ സാധ്യതയുമുണ്ട്.ബാരൺ ട്രംപ്, 2024 സെപ്തംബറിൽ NYU’s Stern School of Business ൽ വിദ്യാർത്ഥിയായി ചേർന്നു. ഇവിടത്തെ വാർഷിക ട്യൂഷൻ ഫീസ് 99,000 ഡോളറാണ്.എന്നാൽ ക്രിപ്റ്റോ സംരംഭത്തിലെ തന്റെ വരുമാനത്തിലൂടെ ഇത് നൽകാൻ ബാരണ് ശേഷിയുണ്ട്. ഇവിടെ പഠനത്തിന് ചേരുന്നതിന് മുമ്പും പതിനായിരക്കണക്കിന് ഡോളറുകൾ ട്യൂഷൻ ഫീസുള്ള യു.എസിലെ എലൈറ്റ് പ്രീമിയം സ്കൂളുകളിലാണ് ബാരൺ ട്രംപ് പഠനം നടത്തിയിട്ടുള്ളത്.