കോന്നി: പാറയിടിഞ്ഞു വീണ് കാണാതായ രണ്ടാമത്തെ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ഇതരസംസ്ഥാന തൊഴിലാളി അജയ് റായിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൊഴിലാളിയുടെ മൃതദേഹം പാറമടയിൽനിന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തിൽ മരിച്ച മഹാദേവ് പ്രധാന്‍റെ മൃതദേഹം അപകടം നടന്ന തിങ്കളാഴ്ചതന്നെ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പാറ വീണ്ടും ഇടിയുന്നതിനെ തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ചൊവ്വാഴ്ച വെെകുന്നേരത്തോടെയാണ് പുനരാരംഭിച്ചത്. ലോങ് ബൂം എക്‌സ്‌വേറ്റര്‍ എത്തിച്ചുള്ള ദൗത്യത്തിനിടെയാണ് അജയ് റായിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്.
മണ്ണുമാന്തിയന്ത്രമുപയോഗിച്ച് പാറ നീക്കുന്നതിനിടെയായിരുന്നു അപകടം. നാലുതട്ടായുള്ള പാറമടയിൽ രണ്ടാമത്തെ തട്ടിലാണ് തൊഴിലാളികൾ ജോലിചെയ്തിരുന്നത്. അജയ്‌കുമാർ റായ് ആയിരുന്നു യന്ത്രത്തിന്റെ ഓപ്പറേറ്റർ. മഹാദേവ് സഹായിയായിരുന്നു.
ഉച്ചയ്ക്ക് പാറപൊട്ടിച്ചതിന്റെ കല്ലുകൾ നീക്കുന്നതിനിടയിലാണ് മൂന്നാമത്തെ തട്ടിൽനിന്ന് വലിയ പാറ അടർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ മുകളിലേക്ക് വീണത്. പാറ അടർന്നുവീഴുന്നതിനാൽ, മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. മഹാദേവിന്റെ മൃതദേഹം ഒന്നാമത്തെ തട്ടിൽ കൂറ്റൻ പാറയ്ക്കടിയിൽനിന്നാണ് കണ്ടെത്തിയത്. സംഭവം നടന്നതിനുപിന്നാലെ അഗ്നിരക്ഷാസേന വന്നെങ്കിലും മണ്ണുമാന്തിയന്ത്രം കുടുങ്ങിക്കിടക്കുന്നിടത്തേക്ക് എത്താനായില്ല. മൂന്നുമണിക്കൂറിനുശേഷമാണ് ഒരു മൃതദേഹം പുറത്തെടുത്തത്.പയ്യനാമൺ ചെങ്കുളം വീട്ടിൽ മത്തായിക്കുഞ്ഞ്, മകൻ ടോം എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പാറമട.