തീവ്രവാദക്കേസില്‍ ബെംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീര്‍ ഉള്‍പ്പെടെയുള്ള തടവുകാരെ സഹായിച്ചതിന് സൈക്കാട്രിസ്റ്റ് ഡോക്‌ടര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എഎന്‍ഐ) അറസ്റ്റ് ചെയ്‌തു.ബെംഗളുരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സൈക്കാട്രിസ്റ്റ് ഡോ. നാഗരാജ്, എ എസ് ഐ ചാന്‍ പാഷ, തീവ്രവാദക്കേസില്‍ ഒളിവില്‍ പോയ ഒരു പ്രതിയുടെ മാതാവ് അനീസ് ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികളുടെ വീട്ടിലും എന്‍ ഐ എ നടത്തിയ പരിശോധനയില്‍ വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, പണം, സ്വര്‍ണം രേഖകള്‍ എന്നിവയും പിടിച്ചെടുത്തു.
തടിയന്‍റവിട നസീറിന്‍റെ നേത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്ക് മതതീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. 2022 ല്‍ കോടതികളിലേക്ക് എത്തിക്കുന്നതിന്‍റെ വിവരങ്ങള്‍ തടിയന്‍റവിട നസീറിന് കൈമാറുകയും ജയിലില്‍ പണം എത്തിച്ചു നല്‍കുകയും ചെയ്‌തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എ എസ് ഐ ചാന്‍ പാഷയെ അറസ്റ്റ് ചെയ്‌തത്.
2023 ല്‍ ലക്‌കര്‍ ഇ തൊയ്ബയുടെ സ്ലീപ്പര്‍ സെല്‍ ബെംഗളുരു നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തടിയന്‍റിവിട നസീറിന്‍റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. കുറ്റവാളികളില്‍ നിന്ന് ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്‌തുക്കള്‍, രണ്ട് വാക്കി ടോക്കി എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെത്തിയിരുന്നതായി എന്‍ ഐ എ പറഞ്ഞു.
നസീറിൽ നിന്ന് മകന് ഫണ്ട് സ്വരൂപിക്കുന്നതിനും ജയിലിൽ ടി നസീറിന് അത് കൈമാറുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ പങ്കാളികളായിരുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഈ കേസില്‍ ജുനൈദ് ഉള്‍പ്പെടെ ഒമ്പത് പ്രതികള്‍ക്കെതിരെ എന്‍ ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
ഗൂഢാലോചനയുടെ ഭാഗമായി, ബെംഗളൂരു സെൻട്രൽ ജയിലിലെ ഭീകരവാദ കേസുകളിൽ ജീവപര്യന്തം തടവുകാരനായ തടിയന്‍റവിട നസീർ ഉൾപ്പെടെയുള്ള ജയിൽ തടവുകാർക്ക് ഉപയോഗിക്കുന്നതിനായി ഡോ. നാഗരാജ് മൊബൈൽ ഫോണുകൾ എത്തിച്ചു നൽകിയിരുന്നുവെന്നാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. ഈ പ്രവർത്തനത്തിൽ നാഗരാജിനെ പവിത്ര എന്ന ഒരു സ്ത്രീയും സഹായിച്ചിരുന്നതായും റിപ്പോർട്ട് ഉണ്ട്.