സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ച കീം പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കീം എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.
കേരളാ എന്‍ജിനീയറിങ്, ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടികയാണ് ഹൈക്കോടതി ഉത്തരവോടെ അസാധുവായത്. റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം നടത്തിയ മാറ്റങ്ങൾ നിയമപരമല്ല എന്നാരോപിച്ചാണ് ഒരു കൂട്ടം സിബിഎസ്ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.
STORY HIGHLIGHT: high court cancels keem exam results