Kerala

തകരാര്‍ പരിഹരിച്ച് തുടങ്ങി; എഫ്–35 യുദ്ധവിമാനം അടുത്ത ആഴ്ചയോടെ യുകെയിലേക്ക് തിരികെ പറന്നേക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം അടുത്ത ആഴ്ച ആദ്യം തന്നെ യുകെയിൽ തിരിച്ചെത്തിച്ചേക്കും. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള പതിനാലംഗ വിദഗ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കുന്നത്. എഫ്-35 വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറബിക്കടലിനു മുകളിലൂടെയുള്ള പതിവ് പറക്കലിനിടെ മോശം കാലാവസ്ഥ കാരണമാണ് എഫ് –35ബി യുദ്ധവിമാനം ജൂൺ 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ബ്രിട്ടീഷ് റോയൽ നേവിയുടെ ഫ്ലാഗ്ഷിപ്പ് വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസില്‍ നിന്നായിരുന്നു യുദ്ധവിമാനം പറന്നുയർന്നത്. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിന് സാങ്കേതിക തകരാർ കാരണം തിരികെ പറക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് യുകെയിൽനിന്ന് എൻജിനീയർമാർ എത്തി വിമാനത്തെ ഹാങറിലേക്ക് മാറ്റിയിരുന്നു. വിമാനത്തിന്റെ തകരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ചയോടെ വിമാനം കേരളം വിടും.