ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് കുടുംബം. ഇപ്പോള്‍ എഴുത്തുകാരി എസ് ശാരദക്കുട്ടി ദിയ കൃഷ്ണയുടെ ജീവിതപങ്കാളിയേയും അച്ഛനേയും കുടുംബത്തേയും കണ്ടപ്പോള്‍ തന്റെ അച്ഛനെ ഓര്‍മ വന്നുവെന്നു തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ദിയാ കൃഷ്ണയുടെ പ്രസവദൃശ്യങ്ങൾ കണ്ണും മനസ്സും നിറച്ചു. 3ദശാബ്ദങ്ങൾക്കു മുൻപുള്ള ഒരു സന്ധ്യയിൽ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ഞാനനുഭവിച്ച എല്ലുകൾ നുറുങ്ങുന്ന ആ വേദന ഇന്നലെ വീണ്ടും അനുഭവിച്ചതുപോലെ.
ദിയാകൃഷ്ണയുടെ സഹോദരങ്ങളും അമ്മയുമഛനും ജീവിതപങ്കാളിയും ദിയയുടെ വേദനയും ശേഷമുള്ള ഹർഷവും പങ്കിട്ടതുപോലെ, മുറിക്കുള്ളിലല്ലെങ്കിലും പുറത്ത് എൻ്റെ അഛനും മധുസാറും ഞാൻ ശ്രീ എന്നു വിളിക്കുന്ന എൻ്റെ ശ്രീദേവിച്ചേച്ചിയും ഉണ്ടായിരുന്നു. മുറിക്കുള്ളിൽ എൻ്റെയൊപ്പം ഡോക്ടർ രാജമ്മാളും ഡോ. ബാലചന്ദ്രനും നേഴ്‌സുമാരും കുറച്ചു മെഡിക്കൽ വിദ്യാർഥികളും.
ഡോ. ബാലചന്ദ്രൻ അച്ഛൻ്റെ ശിഷ്യനായിരുന്നു. പ്രസവം നടക്കുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു, ‘ശ്രീധരൻ നായർ സാർ ലേബർ റൂമിലേക്ക് തള്ളിക്കയറുന്നത് ഞാൻ ഒരു വിധത്തിലാണ് തടഞ്ഞത്. മോൾ പ്രസവിക്കുന്നതിന് മുന്നേ അഛൻ പ്രസവിക്കുമെന്നാണ് തോന്നുന്നത്’. വേദനക്കിടയിലും അവരുടെ ചിരിയിൽ ഞാനും പങ്കുചേർന്നു. ദിയാ കൃഷ്ണ ഒരേ സമയം കരയുകയും ചിരിക്കുകയും ചെയ്തപ്പോൾ ഞാനതെല്ലാം ഓർത്തു.
ഞങ്ങളുടെ അമ്മക്ക് കണ്ണിന് കാഴ്ച ഇല്ലാതിരുന്നതിനാൽ, എന്നേക്കാൾ ഒരു വയസ്സു മാത്രം മൂപ്പുള്ള ശ്രീദേവിച്ചേച്ചിയാണ് എൻ്റെ അമ്മയായത് ആ ദിവസങ്ങളിൽ. മുത്ത ചേച്ചി രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് അന്ന് 90 ദിവസം ആയിട്ടേയുള്ളു.
നിർത്താതെ കരയുന്ന വാശിക്കാരായ രണ്ടു പൊടിക്കുഞ്ഞുങ്ങളെ ചേട്ടൻ്റെ ശ്രീകൃഷ്ണപുരത്തെ വീട്ടിൽ ഏൽപിച്ചിട്ടാണ് ശ്രീ എന്നെ ശുശ്രൂഷിക്കാൻ കോട്ടയത്തു വന്നു നിൽക്കുന്നത്. ശ്രീ അന്നനുഭവിച്ച സംഘർഷങ്ങൾ മറന്നാൽ അന്ന് ഞാനൊരു മനുഷ്യത്തി അല്ലാതായിത്തീരും. അന്നത്തെ പരിമിതമായ സാഹചര്യങ്ങളിൽ ചേട്ടൻ്റെ അഛനുമമ്മയും നന്നേ കഷ്ടപ്പെട്ടിരിക്കും.
1989 ലെ മാർച്ച് 19 ൻ്റെ വൈകുന്നേരം ഞാൻ മറക്കില്ല. doctor പറഞ്ഞ date ആകാൻ കുറച്ചു ദിവസം കൂടിയുണ്ടല്ലൊ. ശ്രീയും ചേട്ടനും ഒരു സിനിമയ്ക്കു പോകാൻ ഒരുങ്ങുകയാണ്. മധുസാറിന് ചെറിയ പനിയുണ്ട്. ഞാൻ കുരുമുളക് ചതച്ച് കാപ്പിയുണ്ടാക്കുകയാണ്. ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തു നടന്നിരുന്ന എനിക്ക് പതിവില്ലാതെ പെട്ടെന്നൊരസ്വസ്ഥത. വയറിൻ്റെ ഒരു Side ൽ നിന്ന് എന്തോ താഴേക്കുരുണ്ടു മറിഞ്ഞു. പെട്ടെന്ന് fluid പോകാൻ തുടങ്ങി. ശ്രീയും ചേട്ടനും പുറത്തേക്കിറങ്ങിയിരുന്നു.
ശ്രീ പെട്ടെന്ന് എൻ്റെ അമ്മയായി. സിനിമ പ്രോഗ്രാം കാൻസൽ ചെയ്ത് ടാക്സിയിൽ പിടിച്ചു കയറ്റി. വഴിയിലെല്ലാം എന്നെ സമാധാനിപ്പിച്ചതും തടവിയതും കാറിൽ വീണു കൊണ്ടിരുന്ന fluid തുടച്ചു കൊണ്ടിരുന്നതും ഇന്നലെ ദിയയുടെ സഹോദരിമാരുടെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ വീണ്ടും ഓർമ്മയിൽ വന്നു.
4.2 kg ഉണ്ടായിരുന്ന എൻ്റെ മകനെ നോർമലായി പ്രസവിച്ചത് ആശുപത്രിയിൽ ചെന്ന് ഒരു മണിക്കൂറിനകം. പറയുമ്പോൾ എത്രയെളുപ്പം അല്ലേ? ആ ഒരു മണിക്കൂർ വേദനയുടെ ഒരു യുഗമായിരുന്നു എനിക്ക്. 4.2 ബേബിയെ നോർമൽ ഡെലിവറി !! അങ്ങനെ തന്നെ ആശുപത്രിയിലെ റെക്കോഡുകളിൽ എൻ്റെ പ്രസവം രേഖപ്പെടുത്തപ്പെട്ടു. ഒരു സിസ്റ്റർ അഛനോട് പറഞ്ഞത് ‘ ശാരദക്കുട്ടി പ്രസവിച്ചു ഒരു ഭീമൻകുട്ടി’ എന്നാണത്രേ !
ഞാൻ മറന്നു കഴിഞ്ഞ ആ വേദനയും ശേഷമുള്ള ആശ്വാസവും ഇന്നലെ വീണ്ടും അനുഭവിച്ചു. ഞാൻ പ്രസവിച്ച് വീട്ടിലെത്തിയിട്ടും ശ്രീ വീണ്ടും എൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്നെയും കുഞ്ഞിനെയും നോക്കാനും പരിപാലിക്കാനും ഏതാണ്ട് സമപ്രായക്കാരിയായ ശ്രീക്ക് ആരാണ് ഈ പരിശീലനം നൽകിയത്? സ്വന്തം കുഞ്ഞുങ്ങളെ കുറിച്ചുള്ള ആധികൾക്കിടയിലായിരുന്നു ചേച്ചി ഇതെല്ലാം ചെയ്തത് എന്നോർക്കുമ്പോൾ ഇതെഴുതുമ്പോഴും എൻ്റെ കൈ വിറയ്ക്കുകയും കണ്ണു നിറയുകയും ചെയ്യുന്നുണ്ട്. ചേട്ടൻ്റെ പൂർണ്ണമായ പിന്തുണ ശ്രീക്ക് ധൈര്യം നൽകിയിരിക്കും.
എന്നെ കുളിപ്പിക്കുന്ന ശാരദ ച്ചേച്ചി വരാത്ത ദിവസങ്ങളിൽ ശ്രീ എന്നെ കുഴമ്പിട്ട് കുളിപ്പിച്ചു. മധുസാറിനൊപ്പം കുഞ്ഞിനെ വാക്സിനെടുക്കാൻ കൊണ്ടുപോയി. 28 ൻ്റെ ചടങ്ങുകൾ കഴിഞ്ഞ് ശ്രീകൃഷ്ണപുരത്തേക്കു മടങ്ങുമ്പോൾ ശ്രീ, കുഞ്ഞിനെ കയ്യിലെടുത്ത് എന്നെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
സഹോദരസ്നേഹത്തിൻ്റെ മഹനീയ മുഹൂർത്തങ്ങളിൽ പ്രസവം എന്ന വേദനാഭരിതമെങ്കിലും ഹൃദ്യമായ അനുഭവത്തെ ഓർമ്മിപ്പിച്ച ദിയാകൃഷ്ണയോടും കുടുംബത്തിനോടും നന്ദിയുണ്ട്. നമ്മൾ പ്രസവിക്കുമ്പോൾ കൂടെ വേദനിക്കാനും ആഹ്ലാദിക്കാനും ആളുണ്ടാകുക ഭാഗ്യമാണ്. ആ ഭാഗ്യം ലഭിക്കാതെ പോയ എത്രയോ പേരുണ്ട് !
കോടിക്കണക്കിനാളുകൾ ഈ വീഡിയോ കാണുന്നു എന്നത് ആഹ്ലാദകരമാണ്. അഭിമാനകരമാണ്. ശ്വേതാ മോനോൻ സിനിമാ ഷൂട്ടിംഗിനായി സ്വന്തം പ്രസവം ചിത്രീകരിച്ചപ്പോൾ സദാചാരബോധത്തിൽ തല വെടിച്ചുകീറിയ സനാതനധർമ്മികളും ധർമ്മിണികളും കമാ എന്ന് മിണ്ടിയതായി കണ്ടില്ല.
സ്വാതന്ത്ര്യബോധവും സ്വാശ്രയശീലവും സ്വയം നിർണ്ണയാവകാശവുമുള്ള കുറെ സ്ത്രീകളുള്ള വീട്ടിലാണ് കൃഷ്ണകുമാറിനെ പോലൊരാൾ ജീവിക്കുന്നത് എന്നതുമൊരു അത്ഭുതമായി തോന്നുന്നു. എന്നിട്ടുമെന്തേ എന്നൊരത്ഭുതം!
എസ്. ശാരദക്കുട്ടി
content highlight: Diya Krishna