ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമാണ് ജനപ്പെരുപ്പം. വർദ്ധിക്കുന്ന ജനസംഖ്യയ്ക്കനുസിരിച്ച് ലോകത്ത് വിഭവങ്ങളില്ല എന്നത് ആശങ്കയുണർത്തുകയാണ്. ഇന്ന് ഒരു ജനസംഖ്യദിനം കൂടി വന്നിരിക്കുകയാണ്. ലോകജനസംഖ്യയുടെ 16 ശതമാനം യുവത്വങ്ങളാണെന്നാണ് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ് ഇത്തവണത്തെ ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. നീതിയുക്തവും പ്രത്യാശ നിറഞ്ഞതുമായ ഒരു ലോകത്ത് തങ്ങൾ ആഗ്രഹിക്കുന്ന കുടുംബങ്ങൾ സൃഷ്‌ടിക്കാൻ യുവാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
എല്ലാ വർഷവും ജൂലൈ 11 നാണ് ആഗോള തലത്തിൽ ജനസംഖ്യാ ദിനം ആചരിക്കുന്നത്. 1987 ൽ ലോക ജനസംഖ്യ 500 കോടിയിലെത്തിയതിനെ തുടർന്നാണ് ലോക ജനസംഖ്യാ ദിനം ആചരിച്ചു വരുന്നത്. 1990-ൽ ഐക്യരാഷ്‌ട്ര സഭയുടെ പൊതുസഭ ജൂലൈ 11-നെ ഔദ്യോഗികമായി ലോക ജനസംഖ്യ ദിനമായി പ്രഖ്യാപിച്ചു. ജനസംഖ്യാ വർധനവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കുടുംബാസൂത്രണം, ലിംഗസമത്വം, പ്രത്യുത്പാദന ആരോഗ്യം എന്നിവയെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കാനാണ് ലോക ജനസംഖ്യാദിനം ആചരിച്ച് തുടങ്ങിയത്.
മലയാളിയായ കെസി സക്കറിയ ഉൾപ്പെട്ട സമിതി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഐക്യരാഷ്‌ട്രസഭ 1998 മുതൽ ആചരിക്കാൻ തീരുമാനിക്കുന്നത്. ലോകജനസംഖ്യ 100 കോടിയായത് 1804 ലാണ്. 2011 ൽ ആഗോള ജനസംഖ്യ 700 കോടിയിലെത്തി. 2022 ൽ 800 കോടിയായി ഉയർന്നിരുന്നു. 2030 ൽ ഇത് ഏകദേശം 850 കോടിയാകുമെന്ന് ഐക്യരാഷ്‌ട്ര സഭയുടെ റിപ്പോർട്ട്.
സമീപകാലത്ത് പ്രത്യുത്പാദന നിരക്കിലും ആയുർദൈർഘ്യത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകം ഉയർന്ന തോതിലുള്ള നഗരവത്കരണവും ത്വരിതഗതിയിലുള്ള കുടിയേറ്റവും ഉണ്ടായി. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളിലേയ്ക്ക് ജനങ്ങൾ കുടിയേറിപ്പാർത്തു.
വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്റ്റ്‌സ് (2024 റിവിഷൻ) അനുസരിച്ച് ആഗോള പ്രത്യുത്പാദന നിരക്ക് 2.25 എന്നതാണ്. 2040 കളുടെ അവസാനത്തോടെ ആഗോള പ്രത്യുത്പാദന നിരക്ക് 2.1 ആയി കുറയുമെന്ന് കരുതപ്പെടുന്നുണ്ട്. 2050-ൽ 77.2 വർഷമായി ആഗോളതലത്തിൽ ആയുർദൈർഘ്യം ഉയരുമെന്ന് റിപ്പോർട്ട്. 2021-ൽ വികസിത രാജ്യങ്ങളിലെ ആയുർദൈർഘ്യം ആഗോള ശരാശരിയേക്കാൾ 7 വർഷം കുറവാണ്.
മിക്ക രാജ്യങ്ങളിലും ജനസംഖ്യാ വ്യതിയാനത്തിൽ അന്താരാഷ്ട്ര കുടിയേറ്റത്തിന് പരിമിതമായ സ്വാധീനമേയുള്ളൂ. എന്നിരുന്നാലും ജനനനിരക്ക് കുറയുന്നതും കൂടുന്നതും കാരണമാകുന്നതായി യുഎൻ വ്യക്തമാക്കുന്നു. 2054 ആകുമ്പോഴേക്കും, ഓസ്‌ട്രേലിയ, കാനഡ, ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നിവയുൾപ്പെടെ 52 രാജ്യങ്ങളിൽ ജനസംഖ്യാ വളർച്ചയുടെ പ്രധാന ഘടകം കുടിയേറ്റമായിരുക്കും.
ജനസംഖ്യാ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്പിഎ) 1969-ലാണ് പ്രവർത്തനം ആരംഭിച്ചത്. ലിംഗ, മനുഷ്യാവകാശ മാനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി, ജനസംഖ്യയും വികസനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ (കെയ്‌റോ, 1994), അംഗീകാരമായി. യുഎൻഎഫ്‌പിഎ ഇപ്പോൾ ലൈംഗിക, പ്രത്യുത്പാദന ആരോഗ്യം , മനുഷ്യാവകാശങ്ങൾ, ലിംഗസമത്വം, ജനസംഖ്യ, വികസനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. യുവാക്കളെ കേന്ദ്രീകരിച്ച് പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ലോകത്ത് ഓരോ ദിവസവും 227921 കുഞ്ഞുങ്ങൾ ജനിക്കുന്നതായാണ് റിപ്പോർട്ട്. ഏറ്റവും അധികം ജനസംഖ്യയുളള രാജ്യം ഇന്ത്യയാണെങ്കിൽ ജനസംഖ്യ കുറഞ്ഞ രാജ്യം വത്തിക്കാൻ സിറ്റിയാണ്. ഇന്ത്യയുടെ ജനസംഖ്യ 141 കോടിയും വത്തിക്കാൻ സിറ്റിയുടേത് 800 മാണ്.
ജനസംഖ്യയില്‍ മുന്നിലുള്ള പത്ത് രാജ്യങ്ങള്‍
ഇന്ത്യ- 146 കോടി
ചൈന- 142 കോടി
യുഎസ്- 34.7 കോടി
ഇന്തോനേഷ്യ- 28.6 കോടി
പാക്കിസ്ഥാന്‍-25.5 കോടി
നൈജീരിയ- 23.8 കോടി
ബ്രസീല്‍-21.3 കോടി
ബംഗ്ലാദേശ്- 17.6 കോടി
റഷ്യ- 14.4 കോടി
എത്യോപ്യ- 13.5 കോടി
ലോക ജനസംഖ്യാ ദിനം ആചരിക്കുന്നതിലൂടെ ജനസംഖ്യാപരമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന്റെയും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ആഗോള പ്രാധാന്യം എടുത്തുക്കാണിക്കാനാണ് ഐക്യരാഷ്ട്രസഭ ആഗ്രഹിക്കുന്നത്.
എന്നാല്‍ കാലക്രമേണ ലോക ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം ജനസംഖ്യാ വളര്‍ച്ചയില്‍ നിന്നും മാതൃ ആരോഗ്യം, ശിശുക്ഷേമം, കുടുംബാസൂത്രണം തുടങ്ങിയ വിശാലമായ വിഷയങ്ങളിലേക്ക് മാറി. മനുഷ്യാവകാശങ്ങളെ കുറിച്ച് പ്രത്യേകിച്ച് പ്രത്യുല്‍പാദന അവകാശങ്ങളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും സംസാരിക്കാനുള്ള വേദിയായി ലോക ജനസംഖ്യാ ദിനം മാറിയിരിക്കുന്നു.
ജനസംഖ്യാ വളര്‍ച്ച ആഗോള പരിസ്ഥിതിയിലും വിഭവങ്ങളുടെ ലഭ്യതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനാണ് ഈ ദിവസം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ പ്രത്യുല്‍പാദന ആരോഗ്യ, കുടുംബാസൂത്രണ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനം നല്‍കുന്നതും പരിഗണിക്കുന്നുണ്ട്. ലിംഗ സമത്വം, യുവജന ശാക്തീകരണം, വിദ്യാഭ്യാസത്തിലും ആരോഗ്യസംരക്ഷണത്തിലും തുല്യ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളും ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും.