അച്ചടക്കത്തോടെയുള്ള ദീര്‍ഘകാല നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളെ സ്വീകരിച്ച് കേരളത്തിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രേരിപ്പിച്ച് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി). വര്‍ധിച്ചു വരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റല്‍ സൗകര്യങ്ങള്‍, ശക്തമായ സമ്പാദ്യ രീതികള്‍ എന്നിവയുടെ പിന്‍ബലത്തിലാണ് കേരളമിന്ന് ഇന്ത്യയുടെ തന്നെ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ മികച്ച സാന്നിധ്യമായത്. 2025 മെയ് 31-ലെ ആംഫിയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള മ്യൂച്വല്‍ ഫണ്ടുകളുടെ ആകെ ആസ്തികള്‍ 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്.
കേരളത്തില്‍ എസ്‌ഐപി സംസ്‌ക്കാരവും ശക്തമാവുകയാണ്. സംസ്ഥാനത്തു നിന്നുള്ള ആകെ ഫോളിയോകളുടെ 45 ശതമാനം വരുന്ന രീതിയില്‍ 23.2 ലക്ഷം എസ്‌ഐപി ഫോളിയോകളാണുള്ളതെന്ന് 2025 മാര്‍ച്ചിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ നിന്നുള്ള എസ്‌ഐപി വിഭാഗത്തില്‍ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 28,788.69 കോടി രൂപയാണ്. കേരളത്തില്‍ നിന്നുള്ള ആകെ മ്യൂച്വല്‍ ഫണ്ട് ആസ്തികളുടെ 34 ശതമാനമാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനത്തോളം വളര്‍ച്ചയും ഇവിടെ ദൃശ്യമാണ്. കേരളത്തില്‍ നിന്നുള്ള പ്രതിമാസ എസ്‌ഐപി നിക്ഷേപം 635 കോടി രൂപയിലെത്തിയതായും മാര്‍ച്ച് മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തിലെ വൈവിധ്യവും വളര്‍ന്നു വരികയാണ്. വ്യത്യസ്ത നിക്ഷേപകരുടെ കാര്യത്തില്‍ 23 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 2014 മാര്‍ച്ചില്‍ 10.45 ലക്ഷം നിക്ഷേപകര്‍ ഉണ്ടായിരുന്നത് 2025 മാര്‍ച്ചിച്ച് ആയപ്പോള്‍ 13.13 ലക്ഷമായി വര്‍ധിച്ചു. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 28.5 ശതമാനവും വനിതകളാണ്്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാള്‍ മികച്ച നിലയിലാണിതെന്നത് വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടു വരുന്നതിലുണ്ടായ വളര്‍ച്ചയെ ആണു ചൂണ്ടിക്കാട്ടുന്നത്.
വലിയ തോതില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണ് കേരളത്തിലുള്ളതെന്ന് ആംഫി ചീഫ് എക്‌സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. ഡിജിറ്റല്‍ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലങ്ങള്‍ തുടങ്ങിയവ മികച്ച രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സ്വീകരിക്കാനാവുന്ന സ്ഥിതിയിലേക്കു സംസ്ഥാനത്തെ എത്തിച്ചിട്ടുണ്ട്. ഓരോ നിക്ഷേപകനേയും സംരക്ഷിക്കുകയും അറിവിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാലത്തേക്കു മ്യൂച്വല്‍ ഫണ്ടില്‍ പങ്കെടുപ്പിച്ച് അവരുടെ ആസ്തികളെ വളര്‍ത്താന്‍ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ സൗകര്യങ്ങള്‍, സാമ്പത്തിക സാക്ഷരത, അച്ചടക്കത്തോടെയുള്ള സമ്പാദ്യത്തിന്റെ ശക്തമായ സംസ്‌ക്കാരം തുടങ്ങിയവയുടെ പിന്‍ബലത്തോടെ കേരളം മ്യൂച്വല്‍ ഫണ്ടുകളിലേക്കു തിരിയുന്നത് കേവലം വരുമാനത്തിനു വേണ്ടി മാത്രമല്ല, മറിച്ച് സാമ്പത്തിക സ്ഥിരതയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും സഹായിക്കുന്ന ഒരു മാര്‍ഗമാണിതെന്നു മനസിലാക്കുന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യയുടെ മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 2025 ജൂണിലെ കണക്കുകള്‍ പ്രകാരം 74 ട്രില്യണ്‍ രൂപയിലേക്കു വളര്‍ന്നിട്ടുണ്ട്. നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലുമെത്തി.
ദേശീയ തലത്തില്‍ എസ്‌ഐപികള്‍ അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനുള്ള ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുകള്‍ പ്രകാരം എസ്‌ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.
പ്രൊഫഷണലായി കൈകാര്യം ചെയ്യാനാവുന്നതും ചെലവു കുറഞ്ഞ രീതിയില്‍ വൈവിധ്യവല്‍ക്കരണം സാധ്യമാക്കുന്നതുമായതിനാല്‍ മ്യൂച്വല്‍ ഫണ്ടുകളോട് കേരളത്തിലെ നിക്ഷേപകര്‍, പ്രത്യേകിച്ച് യുവാക്കളും വനിതകളും കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുകയും അവരുടെ സാമ്പത്തിക പദ്ധതികളിലെ പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. സമ്പത്ത് സംരക്ഷിക്കുക എന്നത് ലളിതമായി സമ്പാദിക്കുന്നതു മാത്രമല്ല, മറിച്ച് അവബോധത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുകയും ശരിയായ പദ്ധതികളിലൂടെ ശക്തമായ രീതിയില്‍ അതു കെട്ടിപടുക്കുകയുമാണ് വേണ്ടത്.
STORY HIGHLIGHT: Financial discipline creates opportunity for mutual fund