ചേരുവകൾ
കോവയ്ക്ക – 10- 12 എണ്ണം ( ഉള്ളിലും പച്ചക്കളർ തന്നെയുള്ള നല്ല പിഞ്ച് കോവയ്ക്ക എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം)
മുളകുപൊടി – 4 -5 tsp ( എരിവ് കൂടുതൽ വേണമെങ്കിൽ കൂടുതൽ മുളകുപൊടി ചേർക്കാം)
മഞ്ഞൾപ്പൊടി – 1/4 tsp
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില- 2തണ്ട്
വെളിച്ചെണ്ണ
പാകം ചെയ്യുന്ന വിധം
കോവയ്ക്ക ചിത്രത്തിൽ കാണുന്നതുപോലെ നീളത്തിൽ വളരെ കട്ടി കുറച്ച് അരിയുക. എല്ലാം അരിഞ്ഞതിനുശേഷം അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഒരു തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു വയ്ക്കുക. കോവക്കയിൽ തന്നെ വെള്ളം ഉണ്ടാകും അതുകൊണ്ട് വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ആ വെള്ളത്തിൽ മസാലകൾ കുഴഞ്ഞു കൊള്ളും. (ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കണം പെട്ടെന്ന് ഉപ്പ് അധികമാകാനുള്ള ഒരു സാധ്യത കോവയ്ക്കയ്ക്ക് ഉണ്ട്) ഇത് ഒരു അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ റസ്റ്റ് ചെയ്യാനായിട്ട് വെക്കാം. (തലേദിവസം രാത്രി ഇതുപോലെ മിക്സ് ചെയ്തു ഫ്രിഡ്ജിൽ വെച്ചാൽ മതി രാവിലെ എടുത്ത് ഫ്രൈ ചെയ്യാം.)
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഓരോ കഷണങ്ങളായി നിരത്തിയിട്ട് കുറഞ്ഞ തീയിൽ ഫ്രൈ ചെയ്ത് എടുക്കാം. ഒരു സൈഡ് മൊരിഞ്ഞു കഴിയുമ്പോൾ മറിച്ചിട്ട് രണ്ട് സൈഡും നല്ല ബ്രൗൺ കളർ ആക്കി എടുക്കണം. ഇത് വെളിച്ചെണ്ണയിൽ മുക്കി പൊരിക്കേണ്ട ആവശ്യമില്ല. ഇത്രയും ചെയ്താൽ തന്നെ നല്ല രുചിയുള്ള കോവയ്ക്ക ഫ്രൈ റെഡി . ഇത് ഉച്ചയ്ക്ക് ചോറിന് കൂട്ടാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ലൊരു fry ആണ്.