Kerala

ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ നാലുവയസുകാരന്റെ മരണത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്തു

വാഗമൺ വഴിക്കടവിൽ ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനിലെ അപകടത്തിൽ നാലുവയസുകാരന്റെ മരണത്തിനിടയാക്കിയ കാർ കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ച കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ എസ് നാഥ് ആണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. അയാന്റെ അമ്മ ആര്യ മോഹൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അയാൻ എസ് നാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ട് നൽകും. അപകടത്തിൽ പരിക്കേറ്റ ആര്യ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഇവ‍ർ സഞ്ചരിച്ച കാറ് ചാ‍ർജ് ചെയ്യാൻ ഇട്ടശേഷം ആര്യയും അയാനും പുറത്ത് കസേരയിലിരിക്കുകയായിരുന്നു.

ഈ സമയം ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ല.

Latest News