ഗുരുപൂജ ഭാരത സംസ്കാരമെന്ന ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ പാദപൂജക്ക് നിർബന്ധിതരാക്കിയ സംഭവം ഭാരത സംസ്കാരമല്ല ആർ എസ് എസ് സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറല്ല ആരു പറഞ്ഞാലും ഈ പ്രവർത്തിയെ അംഗീകരിക്കാൻ കഴിയില്ലന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ സർക്കാർ നടത്തണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
അതേസമയം ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.