വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിനു പിൻവശത്തുള്ള ചായ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വക്കം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പറാണ് അരുൺ.
ആത്മഹത്യക്കുറിപ്പ് വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് അരുൺ അയച്ചുനൽകിയിരുന്നു. തന്നെ കള്ളക്കേസുകളിൽ കുടുക്കിയെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ഉത്തരവാദികളായവരുടെ പേരും കുറിപ്പിൽ എഴുതിയിട്ടുണ്ട്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയൻ, ബിനി സത്യൻ എന്നിവർക്കെതിരെയാണ് ആരോപണം. തനിക്കെതിരെ വ്യാജ ജാതി കേസും മോഷണ കേസും നൽകിയത് കാരണം ജീവിക്കാൻ കഴിയുന്നില്ലെന്നും പഞ്ചായത്ത് അംഗത്തിന്റെ ലെറ്റർ ഹെഡിലെഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കഴിഞ്ഞ വർഷമാണ് അരുണിനെതിരെ ജാതിക്കേസ് പൊലീസ് റജിസ്റ്റർ ചെയ്തത്.