കഴിഞ്ഞ ദിവസമാണ് കറാച്ചിയിലെ ഫ്ലാറ്റില്‍ ടെലിവിഷന്‍ ഷോകളിലും സീരിയലുകളിലും സജീവമായിരുന്ന പാക് ചലച്ചിത്ര താരം ഹുമൈറ അസ്ഗറിനെ ജീര്‍ണിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നറിയാൻ പോലും അന്വേഷിക്കാൻ ഇല്ലാതെ താരത്തിന്റെ ജീവിതത്തിൽ കടന്ന് പോയിരുന്നത് ഒമ്പത് മാസമാണ്. കാര്യങ്ങൾ അറിഞ്ഞ് വന്നപ്പോഴോ ഹുമൈറയുടെ മൃതദേഹം അങ്ങേയറ്റം അഴുകിയ നിലയിലും ആയിരുന്നു.
‘എന്നോട് ക്ഷമിക്കണം. ഞാന്‍ യാത്രയിലാണ്. നീ ഇപ്പോള്‍ മക്കയിലാണെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എനിക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കണം. എന്റെ കരിയറിന് വേണ്ടിയും പ്രാര്‍ഥിക്കണം.’ ഹുമൈറ സുഹൃത്തിനയച്ച അവസാന സന്ദേശം ഇതായിരുന്നു. എന്നാല്‍, ഹുമൈറ അവസാനം കോള്‍ ചെയ്തത് 2024 ഒക്ടോബറിലാണെന്നാണ് കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡ് നൽകുന്ന വിവരം. മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ബില്ലടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഹുമൈറയുടെ ഫ്ലാറ്റിലേക്കുള്ള വൈദ്യുതി ബന്ധം 2024 ഒക്ടോബറില്‍ വിച്ഛേദിച്ചിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും തുരുമ്പ് പിടിച്ച പാത്രങ്ങളും അപാര്‍ട്‌മെന്റില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാസങ്ങളായി ഹുമൈറ വാടക തരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അപാര്‍ട്‌മെന്റിന്റെ ഉടമസ്ഥന്‍ കോടതിയെ സമീപിച്ചതോടെയാണ് ഹുമൈറയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സിനിമാകഥകളെ വെല്ലുന്ന രംഗങ്ങളാണ് അരങ്ങേറിയത്. താരത്തിന്റെ മരണത്തിൽ അടിമുടി ദുരൂഹതയാണ് നിഴലിക്കുന്നത്. മൃതദേഹം ഇത്രയേറെ അഴുകിയതിനാല്‍ നിലവിലെ അവസ്ഥയില്‍ കാരണം കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
STORY HIGHLIGHT: pakistani actor humaira asghar death