ദുബായ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഗായകനുമായ അബ്ദു റോസിക്കിനെ ദുബായ് പൊലീസ് വിട്ടയച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്. തൊട്ടു പിന്നാലെ അവാർഡ്സ് ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇദ്ദേഹത്തെ രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്മെന്റ് കമ്പനി അറിയിച്ചിരുന്നു. പരാതിയുടെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റോസിക്കിനെ യാത്രാവിലക്കുകളോടെ ജാമ്യത്തിൽ വിട്ടയച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിവരം ഔദ്യോഗിക വൃത്തങ്ങളിൽ നിന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് മാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കൂ എന്നു കമ്പനി പ്രതിനിധി പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ അവർ വിസമ്മതിച്ചു. കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചതിന് മണിക്കൂറുകൾക്ക് ശേഷം അബ്ദു റോസിക്ക് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു വിഡിയോ പങ്കുവച്ചു. ഈ മാസം 12ന് ഹയാത്ത് റീജൻസി ദുബായ് ക്രീക്ക് ഹൈറ്റ്സിൽ നടന്ന ഇന്ത്യ ഇന്റർനാഷനൽ ഇൻഫ്ലുവൻസേഴ്സ് അവാർഡ്സ് ചടങ്ങിൽ അവാർഡ് സ്വീകരിക്കുന്നതാണ് വിഡിയോയിലുള്ളത്.
വളർച്ചാ ഹോർമോൺ കുറവ് കാരണം മൂന്നടിയിൽ മാത്രം ഉയരമുള്ള റോസിക് ഈ മേഖലയിലെ വളരെ പ്രശസ്തനായ യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. വർഷങ്ങളായി ദുബായിലാണ് താമസിക്കുന്ന അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വീസയുണ്ട്. അദ്ദേഹത്തിന്റെ സംഗീതം, വൈറൽ വിഡിയോകൾ, ബിഗ് ബോസ് 16 ഉൾപ്പെടെയുള്ള റിയാലിറ്റി ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യം എന്നിവയിലൂടെയാണ് റോസിക് പ്രശസ്തനായത്.
2024ൽ ദുബായിലെ കോക്കകോള അരീനയിൽ റോസിക് തന്റെ ബോക്സിങ് അരങ്ങേറ്റം കുറിക്കുകയും യുകെയിൽ ‘ഹബിബി’ എന്ന പേരിൽ സ്വന്തം റസ്റ്ററന്റ് ബ്രാൻഡ് ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തന്നെ ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു, എന്നാൽ അദ്ദേഹം പ്രതിയായിരുന്നില്ല.