രവി അരശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി വിശാൽ എത്തുന്നു. ദുഷാര വിജയൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. വിശാൽ 35 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ‘ഈട്ടി’ എന്ന സിനിമയൊരുക്കിയ സംവിധായകനാണ് രവി അരശ്.
ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. സൂപ്പർ ഗുഡ് ഫിലിംസ് നിർമിക്കുന്ന 99-ാമത് സിനിമയാണിത്. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ശ്രീകാന്ത് എൻബി നിർവഹിക്കുന്നു. ജിവി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മാർക്ക് ആന്റണിക്ക് ശേഷം ജിവി പ്രകാശ് കുമാറും വിശാലും ഒന്നിക്കുന്ന സിനിമയാണിത്. ചെന്നൈയിൽ 45 ദിവസം നീണ്ട് നിൽക്കുന്ന ആദ്യ ഷെഡ്യൂളിലൂടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
വിശാലിന്റെതായി അവസാനം പുറത്തിറങ്ങിയ മദ ഗജ രാജ വലിയ വിജയമാണ് നേടിയത്. ഷൂട്ട് കഴിഞ്ഞ് 12 വർഷത്തിന് ശേഷം തിയേറ്ററിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 60 കോടിയാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. അഞ്ജലി, സന്താനം, വരലക്ഷ്മി ശരത്കുമാർ, സോനു സൂദ്, നിതിൻ സത്യ എന്നിവരാണ് മദ ഗജ രാജയിൽ മറ്റു അഭിനേതാക്കൾ. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ജെമിനി ഫിലിം സർക്യൂട്ട് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിച്ചാർഡ് എം നാഥൻ ആണ്. എഡിറ്റിംഗ് പ്രവീൺ കെ എൽ, എൻ ബി ശ്രീകാന്ത്.