രാജ്യം പണപ്പെരുപ്പത്തിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ജൂണിൽ. 2.1% എന്ന തോതിലേക്കാണ് നിരക്കുകൾ കുറഞ്ഞത്.2025 മെയിൽ ഇത് 2.82% എന്ന തോതിലായിരുന്നു. തിങ്കളാഴ്ച്ച ‘Ministry of Statistics and Programme Implementation’ പുറത്തു വിട്ട കണക്കുകൾ പ്രകാരം 2019 ജനുവരിക്ക് (2.05%) ശേഷമുള്ള ഏറ്റവും താഴ്ന്ന തോതാണിത്. അതേസമയം സംസ്ഥാനങ്ങളിൽ ‘Year on Year’ അടിസ്ഥാനത്തിൽ ജൂണിൽ 6.71% എന്ന നിലയിൽ ഏറ്റവുമധികം പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നത് കേരളത്തിലാണ്. സംസ്ഥാനത്തെ CPI ഇൻഡെക്സ് 2024 ജൂണിലെ 199.7 നിലവാരത്തിൽ നിന്ന് 2025 ജൂണിൽ 213.1 നിലവാരത്തിലേക്കാണ് ഉയർന്നത്.
ജൂണിലെ പണപ്പെരുപ്പ നിരക്ക് റിസർവ് ബാങ്ക് കണക്കാക്കിയ 4 ശതമാനത്തിനും താഴെയാണ്. ജൂണിൽ ഭക്ഷ്യവിലക്കയറ്റത്തോത് (Consumer Food Price Index -CFPI) നെഗറ്റീവായി മാറിയതും നേട്ടമായി. നാഗരിക-ഗ്രാമീണ മേഖലകളിൽ ഭക്ഷ്യവിലക്കയറ്റം ഒരു പോലെ കുറഞ്ഞിട്ടുണ്ട്. ഗ്രാമ മേഖലയിലെ ഫുഡ് ഇൻഫ്ലേഷൻ -0.92% എന്ന തോതിലും, നഗര മേഖലകളിൽ ഇത് -1.22% എന്ന നിലയിലുമാണ്. മെയ് മാസത്തെ 0.95%, 0.96% എന്നീ നിലകളിൽ നിന്നും വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന ഭക്ഷ്യവിലക്കയറ്റത്തോതാണ് ഇപ്പോഴത്തേത്. ഇതോടെ അടുത്ത ധനനയ അവലോകന യോഗത്തിൽ റിസർവ് ബാങ്ക് വീണ്ടും പലിശ നിരക്കുകൾ കുറച്ചേക്കും എന്ന പ്രതീക്ഷ ശക്തമായി. ഈ വർഷം ഇതു വരെയായി മൂന്ന് തവണകളിൽ, 1% റിപ്പോ നിരക്കാണ് കുറച്ചിട്ടുള്ളത്. വീണ്ടും പലിശ കുറഞ്ഞാൽ അത് വായ്പ എടുക്കുന്നവർക്ക് കൂടുതൽ ആശ്വാസം നൽകും.എന്നാൽ രാജ്യം മുഴുവൻ പണപ്പെരുപ്പത്തിന്റെ തോത് കുറഞ്ഞതിൻരെ ഫലം അനുഭവിക്കുമ്പോഴും കേരളം വിലക്കയറ്റത്തിൽ വലയുകയാണ്.