യുക്രെയ്‌നുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തുമെന്ന് റഷ്യയ്‌ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കൻ ആയുധങ്ങൾ യുക്രെയ്‌നിൽ എത്തിക്കുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രെയ്‌നിനെ പിന്തുണയ്ക്കാന്‍ യുഎസ് വ്യോമപ്രതിരോധ സംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോ വഴി അയയ്ക്കുമെന്നും ട്രംപ് അറിയിച്ചു.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ട്രംപ് രംഗത്ത് എത്തിയിരിക്കുന്നത്. മൂന്ന് വർഷം മുമ്പ് യുക്രെയ്ൻ ആക്രമിച്ചപ്പോൾ യുദ്ധം വേഗത്തിൽ പരിഹരിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വാഗ്‌ദാനം ചെയ്‌തിരുന്നു. റഷ്യന്‍ പ്രസിഡൻ്റിൻ്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. പുടിനോട് കൂടുതല്‍ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.