Recipe

നല്ല കുട്ടനാടൻ ചൂരക്കറി.റെസിപ്പിയിതാ…

ആവശ്യമായ ചേരുവകള്‍:

ചൂര- ഒരു കിലോ
ചുവന്നുള്ളി- 10 എണ്ണം
തക്കാളി- 2
ഉലുവ- ഒരു ടീ സ്പൂൺ
മുളക്‌പൊടി- 2 അര ടീ സ്പൂൺ
മല്ലിപൊടി- 5 ടീ സ്പൂൺ
മഞ്ഞൾപ്പൊടി- അര ടീ സ്പൂൺ
കുരുമുളക്‌പൊടി- അര ടീ സ്പൂൺ
കുടംപുളി- 5 അല്ലി കുതിർത്തത്
എണ്ണ- 2 ടേബിൾസ്പൂൺ
കറി വേപ്പില-ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യമായി മീൻ ചൂര മീന്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി മാറ്റിവെക്കുക. മറ്റൊരു പാത്രത്തില്‍ കുടംപുളി ചൂടുവെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വെക്കണം. ശേഷം മുളക്‌പൊടി, മല്ലിപൊടി, സമഞ്ഞൾപ്പൊടി,കുരുമുളക്‌പൊടി എന്നിവ പാനിലിട്ട് പച്ചമണം മാറുന്നത് വരെ വറുത്ത് മാറ്റി വെയ്ക്കാം.അടുത്തായി ഒരു ചട്ടി എടുക്കാം. ഇനി അതിലേയ്ക്ക് എണ്ണ ഒഴിച്ചു ചൂടായി വരുമ്പോള്‍ ഉലുവ ചേര്‍ത്തു കൊടുക്കണം. ഇതിലേയ്ക്ക് ഉള്ളിയും കറിവേപ്പിലയുമിട്ട് നല്ലതായി വഴറ്റണം. നന്നായി വഴന്നുവരുന്ന ഉളളിയിലേയ്ക്ക് തക്കാളി ചേര്‍ത്തുകൊടുക്കണം. തക്കാളി വെന്തുടഞ്ഞുവരുമ്പോള്‍ പൊടികളെല്ലാം ഇതിലേയ്ക്ക് ചേര്‍ത്തിളക്കാം.

ഇനി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കണം. കുടംപുളിയും കുതിര്‍ത്ത വെള്ളവും ഇതിന് പിന്നാലെ ചേര്‍ക്കാം. ഇനി ഇത് തിളച്ചുവരുമ്പോള്‍ മീന്‍ കഷ്ണങ്ങളിട്ട് കൊടുക്കണം. ഇനി അടപ്പുകൊണ്ടടച്ച് നന്നായി ഇത് വേവിക്കാം. ഇടക്ക് ഇത് ഇളക്കാം. ഇളക്കുമ്പോള്‍ മീൻ ഉടഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ഏകദേശം വറ്റി വരുന്നതോടെ തീ ഓഫ് ചെയ്യാവുന്നതാണ്.