രാജ്യത്തെ പ്രഥമ ടെക്‌നോളജി പാര്‍ക്കായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് 35 വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ നിരവധി പുതിയ പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. ആറ് കെട്ടിടങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുമ്പോള്‍ പുതിയ പതിനായിരം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ജൂലൈയില്‍ കൊമേഷ്യല്‍ കം ഐടി കെട്ടിടം (50,000 സ്‌ക്വയര്‍ ഫീറ്റ്), ആഗസ്റ്റില്‍ ബ്രിഗേഡ് സ്‌ക്വയര്‍ (1.85 ലക്ഷം സ്‌ക്വയര്‍ ഫീറ്റ്), ഭവാനി റൂഫ് ടോപ്പ് (8000 സ്‌ക്വയര്‍ ഫീറ്റ്), നിള റൂഫ് ടോപ്പ് (22,000 സ്‌ക്വയര്‍ ഫീറ്റ്), ഡിസംബറില്‍ പ്രീഫാബ് കെട്ടിടം (50,000 സ്‌ക്വയര്‍ ഫീറ്റ്), 2026 ജനുവരിയില്‍ ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ്) എന്നിവയാണ് പൂര്‍ത്തിയാകുന്നത്.
എംബസി ടോറസുമായി സഹകരിച്ചുള്ള ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം, ബ്രിഗേഡ് എൻ്റർപ്രൈസുമായി ചേര്‍ന്ന് ബ്രിഗേഡ് വേള്‍ഡ് ട്രേഡ് സെന്റര്‍, ടെക്‌നോപാര്‍ക്കിന്റെ സ്വന്തം ടൗണ്‍ഷിപ്പ് പദ്ധതിയായ ക്വാഡ് തുടങ്ങിയ വന്‍കിട ടൗണ്‍ഷിപ്പുകളിലൂടെ ടെക്‌നോപാര്‍ക്കിനെ അടുത്ത തലമുറ ടെക് ഹബ്ബാക്കി നവീകരിക്കും. ഐടി/ഐടിഇഎസ് ഇടങ്ങള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ സംയോജിപ്പിച്ച് വാക്ക് ടു വര്‍ക്ക് മോഡലാണ് ഈ പദ്ധതികളിലൂടെ വിഭാവനം ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലുള്ള ലിവ്‌വര്‍ക്ക്‌പ്ലേ സമീപനമാണ് ഇതിലൂടെ ആവിഷ്‌കരിക്കുന്നത്. യാത്രാദൂരം കുറയ്ക്കുക, ഒരേ പരിസരത്ത് താമസം, ജോലി, ഒഴിവുസമയ ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ വര്‍ക്ക് ലൈഫ് ബാലന്‍സ് എന്ന സമൂഹബോധം വളര്‍ത്തുകയാണ് ലക്ഷ്യം. ടെക്‌നോപാര്‍ക്ക് ഫേസ് 1 ലും 3 ലും, 4 ലും (ടെക്‌നോസിറ്റി) ആണ് ഈ മെഗാ പദ്ധതികള്‍ വരുന്നത്.
1990 ജൂലൈ 28ന് തിരുവനന്തപുരം കാര്യവട്ടത്തെ വൈദ്യന്‍ കുന്നിലാണ് ടെക്‌നോപാര്‍ക്കിന് ശിലയിടുന്നത്. 35 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജൂലൈ 28ന് ആരംഭിക്കുന്ന പരിപാടികള്‍ ‘ടെക് എ ബ്രേക്ക്’ മെഗാ സാംസ്‌കാരിക പരിപാടിയോടെ അടുത്ത വര്‍ഷം ജൂലൈയില്‍ അവസാനിക്കും.
ടെക്‌നോപാര്‍ക്കില്‍ 5 ഫെയ്‌സുകളിലായി 500 കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 760 ഏക്കര്‍ വിസ്തൃതിയുള്ള അഞ്ച് വികസന ഫേസുകളില്‍ ഏകദേശം 80,000 ഐടി പ്രൊഫഷണലുകള്‍ തൊഴിലെടുക്കുന്നു. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരില്‍ 45 ശതമാനം സ്ത്രീകളാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കി ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും തുല്യ അവസരങ്ങള്‍ കമ്പനികളില്‍ ഉറപ്പാക്കുന്നു. കഴിഞ്ഞ നാല് വര്‍ഷമായി CRISIL A+/സ്‌റ്റേബിള്‍ റേറ്റിംഗ് നിലനിര്‍ത്തിക്കൊണ്ട് ടെക്‌നോപാര്‍ക്ക് സാമ്പത്തികമായും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇന്‍ഫോസിസ്, യുഎസ്ടി, ടിസിഎസ്, അലയന്‍സ്, ഗൈഡ്ഹൗസ്, ഐബിഎസ്, നിസ്സാന്‍ ഡിജിറ്റല്‍, ഒറാക്കിള്‍, എച്ച്‌സിഎല്‍ ടെക്, ആക്‌സഞ്ചര്‍, ക്വസ്റ്റ് ഗ്ലോബല്‍, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്, ടാറ്റ എല്‍ക്‌സി, ക്യുബര്‍സ്റ്റ്, സ്‌പെരിഡിയന്‍, ആര്‍ആര്‍ ഡൊണെല്ലി, അര്‍മാഡ, ടൂണ്‍സ് ആനിമേഷന്‍ തുടങ്ങി ബഹുരാഷ്ട്ര കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ നിലവിലുള്ള 500 കമ്പനികളില്‍ ഉള്‍പ്പെടുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്യുഎം), ഐസിടി അക്കാദമി ഓഫ് കേരള (ഐസിടിഎകെ), ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള (ഡിയുകെ), കേരള സ്‌പേസ് പാര്‍ക്ക്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, സ്റ്റേറ്റ് ഡാറ്റ സെന്റര്‍, ഫാബ് ലാബ്‌സ്, എമര്‍ജിംഗ് ടെക്‌നോളജി ഹബ്ബ്, കേരള ഡിഫന്‍സ് ഇന്നൊവേഷന്‍ സോണ്‍ തുടങ്ങിയ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഇന്നൊവേഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സ്ഥാപനങ്ങളുടെയും കേന്ദ്രമാണിത്.
ഇ & വൈ, അലയന്‍സ്, നിസ്സാന്‍ ഡിജിറ്റല്‍, ഇന്‍സൈറ്റ്, എച്ച് & ആര്‍ ബ്ലോക്ക്, ഇക്വിഫാക്‌സ്, ഗൈഡ്ഹൗസ്, ഐക്കണ്‍, സഫ്രാന്‍, ആര്‍എം എഡ്യൂക്കേഷന്‍, ആക്‌സെഞ്ചര്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളുടെ പ്രിഫേഡ് ഡെസ്റ്റിനേഷനാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്.