Entertainment

പോപ് ഇതിഹാസം കോണീ ഫ്രാന്‍സിസ് വിടവാങ്ങി

പോപ് ഇതിഹാസം കോണീ ഫ്രാന്‍സിസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ‘പ്രിറ്റി ലിറ്റില്‍ ബേബി’ എന്ന പ്രശസ്ത ഗാനം കോണീ ഫ്രാന്‍സിസ് പാടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ഈ ഗാനം വൈറൽ ആണ്. നിരവധി ആളുകളാണ് ഈ പാട്ട് ഉപയോഗിച്ച് റീല് നിർമ്മിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ പാട്ടാണ് ‘പ്രിറ്റി ലിറ്റില്‍ ബേബി’.

ദീര്‍ഘകാല സുഹൃത്തും കോണ്‍സെറ്റ റെക്കോഡ്‌സിന്റെ പ്രസിഡന്റുമായ റോണ്‍ റോബര്‍ട്ട്‌സാണ് മരണവിവരം അറിയിച്ചത്. ഫെയ്‌സ്ബുക്കില്‍ വൈകാരികമായ കുറിപ്പിലൂടെ അദ്ദേഹം വിവരം പങ്കുവെച്ചു.

പ്രിയസുഹൃത്ത് കോണീ ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച വിവരം ഭാരിച്ച ഹൃദയത്തോടെയും അതീവ ദുഃഖത്തോടെയുമാണ് പങ്കുവെയ്ക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഗായികയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ കുറിപ്പ് പങ്ക് വെച്ചിട്ടുണ്ട്.

കോണീ ഫ്രാന്‍സിസിന്റെ മരണകാരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവന്നിട്ടില്ല. കടുത്ത വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി കോണീ ജൂലായ് ആദ്യം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. പരിശോധനകള്‍ക്ക് വിധേയയാകുകയാണെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ഇടുപ്പുമായി ബന്ധപ്പെട്ടുള്ള ചികിത്സയില്‍ സുഖം പ്രാപിക്കുന്നതായും കോണീ വ്യക്തമാക്കിയിരുന്നു.

‘ഹൂ ഇസ് സോറി നൗ?’ എന്ന ഗാനത്തിലൂടെയാണ് 1950കളില്‍ കോണീ ഫ്രാന്‍സിസ് പ്രശസ്തയായത്. ബില്‍ബോര്‍ഡിന്റെ ചാര്‍ട്ടില്‍ ആദ്യ സ്ഥാനത്തെത്തുന്ന സോളോ ഫീമെയ്ല്‍ സിംഗര്‍ എന്ന ചരിത്രനേട്ടവും കോണി സ്വന്തമാക്കി. ‘മൈ ഹാര്‍ട്ട് ഹാസ് എ മൈന്‍ഡ് ഓഫ് ഇറ്റ്‌സ് ഓണ്‍’, ‘ഡോണ്ട് ബ്രേക്ക് ദ ഹാര്‍ട്ട് ദാറ്റ് ലവ്‌സ് യൂ’, ‘എവരിബഡി ഇസ് സംബഡീസ് ഫൂള്‍’ തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളാണ്. ആറ് പതിറ്റാണ്ടോളം സംഗീതലോകത്ത് കോണീ ഫ്രാന്‍സിസിന്റെ പേര് നിറഞ്ഞുനിന്നിരുന്നു.

1961 ല്‍ റിലീസായ ‘പ്രിറ്റി ലിറ്റില്‍ ബേബി’ എന്ന ട്രാക്ക് അടുത്തിടെ ജെന്‍ സിയ്ക്കിടയിലും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയിലും വീണ്ടും കോണീ തരംഗം സൃഷ്ടിച്ചു. ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രിറ്റി ലിറ്റില്‍ ബേബി വൈറലായി തുടരുകയാണ്.