ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രമായ ” ദി ഒഡീസി “യുടെ ടിക്കറ്റുകൾ റിലീസിന് ഒരു വർഷം മുമ്പ് തന്നെ വിറ്റുതീർന്നു. “ദി ഒഡീസി” എന്നത് ഹോമറിന്റെ ഇതിഹാസ കാവ്യത്തിന്റെ അതേ പേരിലുള്ള ഒരു സ്‌ക്രീൻ പതിപ്പാണ്. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, സെൻഡായ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര ഈ ചിത്രത്തിലുണ്ട്.
അടുത്ത വര്‍ഷം ജൂലായ് 17-നാണ് സിനിമ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍, പ്രമോഷന്റെ ഭാഗമായി ആദ്യ പ്രദര്‍ശനത്തിന്റെ ടിക്കറ്റുകള്‍ വാങ്ങാനുളള സൗകര്യം തിരഞ്ഞെടുത്ത ഐമാക്‌സ് തിയേറ്ററുകളില്‍ ഒരുക്കിയിരുന്നു.
ഈ സൗകര്യം ആളുകള്‍ ഉപയോഗപ്പെടുത്തിയതോടെയാണ് സിനിമ പുറത്തിറങ്ങുന്നതിന് കൃത്യം ഒരു വര്‍ഷം മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത്. ടിക്കറ്റുകള്‍ ലഭ്യമായി നിമിഷങ്ങള്‍ക്കകം തന്നെ സിനിമപ്രേമികള്‍ ടിക്കറ്റുകള്‍ സ്വന്തമാക്കി. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായി മൂന്ന് മിനിറ്റുകള്‍ക്കകം തന്നെ മിക്ക തിയേറ്ററുകളിലേയും മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീരുകയായിരുന്നു.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഐമാക്‌സ് ടിക്കറ്റ് വില്‍പനയുടെ കാര്യം പുറത്ത് വിട്ടത്. ഇതിനൊപ്പം ടിക്കറ്റ് ലഭിക്കുന്ന തിയേറ്ററുകളുടെ പേരും ഉണ്ടായിരുന്നു. അമേരിക്കയിലെ 14 തിയേറ്ററുകള്‍ കൂടാതെ കാനഡയിലെ നാല് തിയേറ്ററുകളിലും ടിക്കറ്റുകളുടെ വില്‍പ്പന നടന്നിരുന്നു.
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഓപ്പന്‍ഹൈമറിന്’ ശേഷം ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന ചിത്രമാണ് ‘ദ ഒഡീസി’. കഴിഞ്ഞ വര്‍ഷം അവസാനമാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ പുറത്ത് വിട്ടത്.