വളരെ എളുപ്പം എല്ലാവർക്കും ലഭ്യമായ ഒരു പ്രോട്ടീൻ ഭക്ഷണാണ് മുട്ട. അത് വ്യത്യസ്ത തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഒരു കിടിലൻ മുട്ട റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- മുട്ട- 2
- സവാള- 1
- തക്കാളി- 1
- ഇഞ്ചി- 1
- പച്ചമുളക്- 1
- കറിവേപ്പില- ഒരു പിടി
- വെളുത്തുള്ളി- 2 അല്ലി
- ഗരംമസാല- 1/2 ടീസ്പൂൺ
- മുളകുപൊടി- 1 ടീസ്പൂൺ
- മല്ലിപ്പൊടി- 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ അരിഞ്ഞ പച്ചക്കറികൾ ചേർത്തു വഴറ്റാം. ഇത് വെന്തു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് അരകപ്പ് വെള്ളവും ചേർക്കാം. പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് തിളച്ചു വരുന്ന കറിയിൽ ചേർക്കാം. വെള്ളം വറ്റി കറി കുറുകി തുടങ്ങുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ ചപ്പാത്തി, പാലപ്പം, പുട്ട് എന്നിവയോടൊപ്പം കഴിച്ചു നോക്കൂ.
STORY HIGHLIGHT : egg roast