ഇതിനായി ഞാനിവിടെ എടുത്തിട്ടുള്ളത് പത്തു തരം പോഷകസമൃദ്ധമായ ചെടികളുടെ ഇലയാണ്. ഇല്ലാ ചെടികളുടെയും കിളുന്ത് ഇലകൾ വേണം ഇതിനായി ഉപയോഗിക്കേണ്ടത്. മുരിങ്ങയില ഒഴിച്ചുള്ള ബാക്കി എല്ലാ പച്ചക്കറികളുടെ ഇലകൾ ഇതിനായി ഉപയോഗിക്കാവുന്നതാണ്. മുരിങ്ങയില കർക്കടകമാസത്തിൽ സാധാരണയായി ഉപയോഗിക്കാറില്ല.
ചേരുവകൾ:
സ്റ്റെപ് -1
താഴെ പറയുന്ന ഓരോ പച്ചക്കറികളുടെയും കിളുന്ത് ഇല്ല ഓരോ പിടി വീതം…
മത്തൻ ഇല
കുമ്പളയില
തഴുതാമയില
കൊഴുപ്പ
ചേനയില
താള്
ചീര
കോവൽ ഇല
ചൊറിയണം അഥവാ ആനക്കൊടിത്തൂവ
പയറില
എല്ലാ ഇലകളും നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വളരെ ചെറുതായി അരിഞ്ഞെടുക്കുക
സ്റ്റെപ് -2
അരമുറി തേങ്ങ ചിരകിയത്
ജീരകം ഒരു നുള്ള്
വെളുത്തുള്ളി-5 അല്ലി
ചെറിയുള്ളി-3 എണ്ണം
പച്ചമുളക്-3 എണ്ണം
ഇതെല്ലാം കൂടി ഒന്ന് ചെറുതായിട്ട് ഒതുക്കി എടുക്കുക….
സ്റ്റെപ് -3
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾപൊടി- 1/4 ടീസ്പൂൺ
പച്ചരി- 1/4 ടീസ്പൂൺ
ഉഴുന്ന്-1/4 ടീസ്പൂൺ
വറ്റൽ മുളക് ചെറുതായി കീറിയത്-2 എണ്ണം
ഇനി കർക്കിടക സ്പെഷ്യൽ പത്തില തോരൻ എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം:
ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കടുകിട്ടു പൊട്ടിക്കണം.
കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചരി ചേർക്കുക. പച്ചരി മൂത്ത് ചെറുതായിട്ട് ഒന്ന് വീർത്തു വരുമ്പോൾ അതിലേക്ക് ഉഴുന്നും ചേർത്ത് ചെറുതീയിൽ വെച്ച് മൂപ്പിച്ചെടുക്കുക.
അതിനുശേഷം അതിലേക്ക് കീറി വച്ചിരിക്കുന്ന വറ്റൽ മുളക് ഇട്ടു കൊടുക്കുക.
ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അതിലേക്ക് ഇട്ട് അരിഞ്ഞു വെച്ചിരിക്കുന്ന ഇലകൾചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇലകളെല്ലാംഒന്ന് ആവി കേറി വഴന്നുവരുമ്പോൾ അതിലേക്ക് ഒതുക്കി വച്ചിരിക്കുന്ന തേങ്ങ ചേർക്കുക.
ഇതെല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനുള്ള ഉപ്പു ചേർത്തു കൊടുക്കുക.
എല്ലാംകൂടി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു 3 മിനിറ്റ് സമയം വേവിച്ച് എടുക്കുക.
എല്ലാം കിളുന്ത് ഇലകൾ ആയതുകൊണ്ട് ഇത് പെട്ടെന്ന് തന്നെ റെഡിയാകും.
തീ ഓഫ് ചെയ്യുന്നതിന് മുന്നേ കുറച്ച് പച്ചവെളിച്ചെണ്ണ കറിയുടെമുകളിലേക്കു ഒഴിച്ചുകൊടുത്തു അടുപ്പ് ഓഫ് ചെയ്ത് അടച്ചുവെച്ച് കുറച്ചുനേരം കഴിഞ്ഞ് ചൂടോടുകൂടെതന്നെ മരുന്ന് കഞ്ഞിയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാവുന്നതാണ്.
അങ്ങനെ കർക്കിടകമാസത്തിൽ കഴിക്കാൻ പറ്റിയ ഫലപ്രദമായ ദേഹരക്ഷക്കുള്ള പത്തിലക്കറി റെഡിയായി.
NB: ഓരോ ഭാഗത്തും കിട്ടുന്ന ഇലകളുടെ ലഭ്യതയ്ക്കനുസരിച്ച് ഇലകൾ എടുക്കാവുന്നതാണ്. ചൊറിയണത്തിന്റെ ഇലയാണ് എടുക്കുന്നതെങ്കിൽ ചൂടു വെള്ളത്തിൽ 10 മിനിറ്റ് സമയം ഇട്ടതിനു ശേഷം നന്നായി കഴുകി എടുക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ പോഷകസമൃദ്ധമായ ഇലയാണ്.