മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്‍ വൈകിട്ട് 3.20 നായിരുന്നു മരണം.ദീര്‍ഘകാലമായി രോഗ ശയ്യയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അന്നുമതുല്‍ വെൻ്റിലേറ്ററിൻ്റെ സഹായത്തടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിഎസിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നുണ്ടായിരുന്നെങ്കിലും ആരോഗ്യനിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നില്ല. മരുന്നുകളോടും ഡയാലിസിസിനോടും പ്രതികരിച്ചിരുന്നെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായില്ല. തുടര്‍ന്ന് ചികിത്സാരീതികള്‍ വിലയിരുത്താനും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കാനും ജൂണ്‍ 30ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാരെത്തിയിരുന്നു.
2019-ല്‍ പക്ഷാഘാതം ബാധിച്ചതിനു ശേഷമാണ് വിഎസ് തീര്‍ത്തും അനാരോഗ്യ അവസ്ഥയിലേക്കു നീങ്ങുന്നത്. തുടര്‍ന്ന് വീട്ടില്‍തന്നെ നിരീക്ഷണത്തിലായിരുന്ന വിഎസിന് കടുത്ത ശ്വാസതടസമുണ്ടായതിനെത്തുടര്ന്നാണ് ജൂണ്‍ 23ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓർമ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വർഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.
അഴിമതിക്കും അനധികൃത കയ്യേറ്റങ്ങള്‍ക്കുമെതിരെ വിട്ടു വീഴ്ചയില്ലാത്ത ഇടപെടല്‍ നടത്തി കേരളീയ പൊതു സമൂഹത്തിൻ്റെ ഹൃദയങ്ങളില്‍ ആഴത്തിലിടം പിടിച്ച വി എസ് അച്യുതാനന്ദന് 2006 മുതല്‍ 2011 വരെ കേരള മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹത്തിന് 82 വയസായിരുന്നു പ്രായം. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും പ്രതിപക്ഷ നേതാവായിരുന്നു.
2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പൊതു സ്വത്തുക്കളുടെ കയ്യേറ്റങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. മതികെട്ടാന്‍മലയിലെയും മൂന്നാറിലെയും ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ ഈ സ്ഥലങ്ങളില്‍ വി എസ് നേരിട്ടെത്താന്‍ തുടങ്ങിയതോടെ എല്ലായിടത്തു നിന്നും കയ്യേറ്റക്കാര്‍ പിന്മാറി.
അഴിമതിക്കെതിരെ നേരിട്ട് നിയമപോരാട്ടത്തിനിറങ്ങിയ വിഎസ് അച്യുതാനന്ദൻ്റെ കാര്‍ക്കശ്യ നിലപാടിനു മുന്നില്‍ ആര് ബാലകൃഷ്ണപിള്ളയ്ക്ക് ജയിലില്‍ പോകേണ്ടി വന്നു. ഇടമലയാര്‍ അണക്കെട്ടു നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര് ബാലകൃഷ്ണപിള്ളയ്ക്കെതിരെ വി എസ് അച്യുതാനന്ദന് ദീര്‍ഘമായ നിയമപോരാട്ടം നടത്തിയത്.
മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഉടന്‍ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാന്‍ നടത്തിയ ധീരമായ നടപടികള്‍ ദേശീയ തലത്തില്‍ തന്നെ അച്യുതാനന്ദൻ്റെ യശസുയര്‍ത്തി. മൂന്നാറിലെ അനധികൃത കയ്യേറ്റക്കാര്‍ക്കെതിരെ നിര്‍ദാക്ഷിണ്യം വിഎസ് സര്‍ക്കാര്‍ നീങ്ങിയതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് മൂന്നാര്‍ ദൗത്യത്തിന് താത്കാലിക തിരശീല വീണത്.
വാക്കുകളിലും നിലപാടുകളിലും പുലര്‍ത്തിയ വിശ്വാസ്യത ജനഹൃദയങ്ങളില്‍ മറ്റൊരു നേതാവിനു ലഭിക്കാത്ത സത്യസന്ധ പരിവേഷം അദ്ദേഹത്തിനു നൽകി. വിഎസ് പറയുന്നതില്‍ മാത്രമാണ് സത്യസന്ധത എന്നു ജനങ്ങള്‍ കരുതിയിരുന്ന ഒരു കാലമായിരുന്നു 2001 മുതല്‍ 2011 വരെ അദ്ദേഹം പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലം. വിഎസ് സിപിഎമ്മിൻ്റെ പാര്‍ലമെൻ്ററി പാര്‍ട്ടി നേതാവും പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഇരുവരും ഇരുചേരികളില്‍ നിന്ന് ദീര്‍ഘകാലം പോരടിച്ചുവെങ്കിലും ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ വിഎസ് ദുര്‍ബലനായി.
1964 ല്‍ സിപിഐ പിളര്‍ന്ന് സിപിഎം രൂപീകരിക്കുന്നതിനിടയാക്കിയ ദേശീയ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചിറങ്ങിയ 32 പേരില്‍ വിഎസ് അച്യുതാനന്ദനുമുണ്ടായിരുന്നു. 1980 മുതല്‍ 1982 വരെ തുടര്‍ച്ചയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ സിപിഎമ്മിനെ നയിച്ചു. ദീര്‍ഘകാലം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ മെമ്പറുമായിരുന്നു.
പാര്‍ട്ടി പിളര്‍പ്പിനു പിന്നാലെ 1965 ല്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1967 ലും 70 ലും അമ്പലപ്പുഴയില്‍ നിന്നു വിജയിച്ചെങ്കിലും 77 ല്‍ വീണ്ടും പരാജയപ്പെട്ടു. 1991 ല്‍ മാരാരിക്കുളത്തു നിന്നു മത്സരിച്ച് നിയമസഭയിലെത്തി. 1996 ല്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചാല്‍ വിഎസ് മുഖ്യമന്ത്രിയാകുമെന്നു കരുതിയിരുന്നെങ്കിലും സിപിഎം വിഭാഗീയതയുടെ ഭാഗമായി 1965 വോട്ടുകള്‍ക്ക് സിപിഎം ശക്തികേന്ദ്രമായ മാരാരിക്കുളത്ത് പരാജയപ്പെട്ടു.
2001 മുതല്‍ തുടര്‍ച്ചയായി നാലു തവണ മലമ്പുഴയില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. കെ വസുമതിയാണ് ഭാര്യ. മക്കള്‍ ഡോ. വി എ അരുണ്‍കുമാര്‍, ഡോ. വി വി ആശ.