Kerala

പ്രതിപക്ഷമോ ഭരണപക്ഷമോ അല്ല; വിഎസ് എന്നും ജനപക്ഷം!!

കണ്ണേ കരളേ നേതാവേ ധീരതയോടെ നയിച്ചോളു. ജനകീയ പ്രശ്‌നങ്ങളിൽ ഒറ്റയാനായി പൊരുതിയ വിഎസിനോട് ജനം പറഞ്ഞു…വി എസ് അച്യുതാനന്ദൻ എന്ന ജനപ്രിയ നേതാവിന്റെ വിയോ​ഗത്തോടെ ഒരു നൂറ്റാണ്ട് നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. നാല്പതുകളിലെ ഫ്യൂഡൽ-കൊളോണിയൽ കാലം മുതൽ ആരംഭിച്ചതാണ് ആ സമരജീവിതം. നിലപാടിൽ വെള്ളം ചേർക്കാതെ കാർകശ്യത്തിൽ അയവുവരുത്താതെ മിനുസപ്പെടുത്തിയെടുത്ത സമരജീവിതം.ആ ജീവിതം ഇന്ന് അവസാനിക്കുമ്പേൾ കമ്യൂണിസ്റ്റ് ചരിത്രത്തിലെ മാത്രമല്ല രാഷ്‌ട്രീയ ചരിത്രത്തിന്‍റെ ഒരധ്യായത്തിന് കൂടിയാണ് അവസാനമാകുന്നത്. സിപിഎം രൂപീകരിക്കാൻ അമരത്തുണ്ടായിരുന്ന അവസാന നേതാവും വിപ്ലവ മണ്ണിനോട് ചേർന്നിരിക്കുന്നു. ഒരു കാലത്ത് വിഎസ് ആയിരുന്നു പാർട്ടി. കർക്കശക്കാരനായ പാർട്ടി സെക്രട്ടറി, ജനകീയനായ മുഖ്യമന്ത്രി, നേതൃത്വ വിമർശനങ്ങള്‍ക്ക് വിധേയമാകുമ്പോഴും പ്രവർത്തന ശൈലിയിലൂടെ ജനമനസുകളിലേക്ക് നടന്നു കയറാൻ സാധിച്ച ചുരുക്കം നേതാക്കളിൽ ഒരാള്‍ കൂടിയായിരുന്നു വിഎസ്.സമരധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ കനലും കണ്ണീരും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ പ്രായത്തിലെത്തിയ മറ്റൊരു നേതാവ് രാജ്യത്തുണ്ടോയെന്ന് സംശയമാണ്. ഏതായാലും കേരളത്തിന്റെ പൊതുജീവിതത്തിൽ ഇത് അസാധാരണം തന്നെ.

തൊഴിലാളികളുടെ പക്ഷത്ത് നിൽക്കാനാണ് എന്നും വി.എസ്. ശ്രമിച്ചത്. സി.പി.എമ്മിൻറെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം പിന്നീട് സംസ്ഥാന സെക്രട്ടറി, ഏഴ് തവണ എം.എൽഎ., മൂന്ന് തവണ പ്രതിപക്ഷ നേതാവ്, 2006-ൽ മുഖ്യമന്ത്രി ഇങ്ങനെ പദവികൾ പലത് വഹിച്ചപ്പോഴും സാധാരണക്കാരൻറ ശബ്ദമായിരുന്നു.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പ്രതിപക്ഷ നേതാവാരെന്ന് ചോദ്യത്തിന് അന്നും ഇന്നും വി.എസ്. എന്ന് ഉത്തരമേയുള്ളു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ മുതൽ മണ്ണിനും പ്രകൃതിയ്ക്കും വേണ്ടിയും ആ ശബ്ദം മുഴങ്ങികേട്ടു. മതികെട്ടാൻ സമരം ഉൾപ്പടെ വി.എസിന്റെ ജീവിതത്തിലെ ഐതിഹാസിക സമരങ്ങൾ ഇതിനുദ്ദാഹരണമാണ്.

മുഖ്യമന്ത്രി പദവിയിലെത്തിയപ്പോഴും മണ്ണിനും മനുഷ്യനും വേണ്ടിയാണ് അദ്ദേഹം ശബ്ദം ഉയർത്തിയത്. വനമേഖലകളിൽ സംഘടിത കൈയ്യേറ്റങ്ങൾ ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ പ്രോട്ടോകോളുകൾ മടക്കിവെച്ച്, മുന്നണിയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നിട്ടും വി.എസ്. ശബ്ദം ഉയർത്തി. ഓപ്പറേഷൻ മൂന്നാറെന്ന് അക്കാലത്ത് മാധ്യമങ്ങൾ വാഴ്ത്തിപാടിയ വി.എസിന്റെ ഒറ്റയാൻ പോരാട്ടം ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ മറ്റെങ്ങും കാണാനാകില്ല.

തൊഴിലാളി വർഗ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഏറ്റവും മുതിന്ന നേതാവ് എന്നതിനപ്പുറം ആലപ്പുഴയിലെ ഒരു സാധാരണ തയ്യൽ തൊഴിലാളിയിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കളിൽ ഒരാളായി മാറിയ വിഎസിന്റെ ഒരു നൂറ്റാണ്ട് കാലത്തെ ജീവിതം നമ്മുടെ നാടിന്റെ സമരപോരാട്ടങ്ങളുടെ കൂടി ചരിത്രമാണ്.