ബംഗളൂരു: ഗോകർണയിലെ രാമതീർത്ഥ കുന്നുകളിൽ പിഞ്ചുകുഞ്ഞുങ്ങളുമായി ഗുഹയിൽ കഴിഞ്ഞ റഷ്യൻ യുവതിയെ പോലീസുകാർ രക്ഷപെടുത്തിയത് ഏറെ വാർത്തയായിരുന്നു. ഇപ്പോഴിതാ തിരികെ കാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി റഷ്യൻ യുവതിയായ നിന കുറ്റീന രംഗത്ത്.
ഗുഹയിൽ നിന്നും നിന്നും രക്ഷപ്പെടാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാട്ടിലേക്ക് തന്നെ തിരികെ പോകാൻ സര്‍ക്കാര്‍ അനുമതി നൽകണമെന്നും കര്‍ണാടകയിലെ ഗുഹയിൽ നിന്നും രക്ഷപ്പെടുത്തിയ നിന കുറ്റീന. റഷ്യയിലേക്ക് മടങ്ങുന്നത് സുരക്ഷിതമാണെന്ന് താൻ കരുതുന്നില്ലെന്നും നാടുകടത്തരുതെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചുവെന്നും കുറ്റീന പറഞ്ഞു.
“ഞങ്ങളുടെ കുടുംബം ഇപ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതിൽ എനിക്ക് ആശങ്കയുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളുമായി ബന്ധപ്പെട്ട്, സമാധാനത്തിനായി എഴുതുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകൾ സുരക്ഷിതരല്ലെന്ന് ഞാൻ കണ്ടിട്ടുണ്ട്,” റഷ്യൻ യുവതി ദി പ്രിന്‍റിനോട് പറഞ്ഞു. തന്നെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാര്‍ത്തകളെക്കുറിച്ച് നിനക്ക് അതൃപ്തിയുണ്ട്. ”പൊലീസ് ഞങ്ങളെക്കുറിച്ച് പത്രങ്ങൾക്ക് നൽകിയ നുണകൾ പൊടിപ്പും തൊങ്ങലും വച്ച് ലോകമെമ്പാടും പ്രചരിച്ചു. ഇത് റഷ്യൻ സമൂഹത്തെ പ്രകോപിപ്പിച്ചു” അവര്‍ കൂട്ടിച്ചേര്‍ത്തു.
“അതിനാൽ, ഇന്ത്യൻ സർക്കാരിനോട് ഞങ്ങൾ അപേക്ഷിക്കുന്നു, ഞങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നതിനുപകരം, ഇന്ത്യയിലെ കാടുകളിൽ അനുമതിയോടെ ജീവിക്കാനും ലോകത്തിലെ എല്ലാ ആളുകൾക്കും ഞങ്ങളുടെ അതുല്യമായ അനുഭവവും അറിവും പകർന്നു നൽകാനും ഞങ്ങളെ അനുവദിക്കണം. അല്ലെങ്കിൽ ഞങ്ങൾക്ക് പറക്കാൻ അനുവാദം നൽകുക, ഞങ്ങൾ തെരഞ്ഞെടുക്കുന്ന ഏത് ദിശയിലേക്കും പറക്കാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങളുടെ പുതിയ രേഖകൾ തയ്യാറാക്കുന്നതുവരെ കാത്തിരിക്കാൻ ഞങ്ങളെ അനുവദിക്കുക” നിന പറഞ്ഞു. ഇതിനുമുമ്പ് രണ്ടുതവണ ഇന്ത്യൻ വനങ്ങളിൽ താമസിച്ചിട്ടുണ്ടെന്നും എന്നാൽ ഒരു പൊലീസ് സംഘത്തെയും നേരിട്ട് കണ്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ജൂലൈ 11 ന് പതിവ് പൊലീസ് പട്രോളിംഗിനിടെയാണ് ഗോകർണയിലെ രാമതീർത്ഥ കുന്നുകളിലെ ഒരു ഗുഹയിൽ നിന്ന് നിനയെ രണ്ട് മക്കളെയും കണ്ടെത്തിയത്. ബിസിനസ് വിസ കാലാവധി കഴിഞ്ഞും 2017 മുതൽ നിന ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു. ഗുഹയ്ക്ക് സമീപത്ത് നിന്നും ഇവരുടെ പാസ്പോര്‍ട്ടുകൾ കണ്ടെത്തിയിരുന്നു. മൂവരെയും റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.