കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങി ദുരിതമനുഭവിച്ച ഹര്‍ഷിന നീതി തേടി വീണ്ടും സമരത്തിലേക്ക്. തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന പറഞ്ഞു. ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും.
നേരത്തേയും ഹർഷീന സമരം നടത്തിയിരുന്നു. പക്ഷെ നീതി ലഭിച്ചില്ല. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാം തനിക്കൊപ്പം ആണെന്ന് പറയുമ്പോഴും നീതി ലഭിച്ചില്ലെന്ന് ഹർഷീന പറയുന്നു. തന്റെ സമരത്തിന് പിന്നിൽ രാഷ്ട്രീയമില്ല. തന്റെ വേദനക്കും നഷ്ടങ്ങൾക്കും പരിഹാരം മാത്രമാണ് തേടുന്നത്. അത് വൈകുന്നതിൽ സങ്കടമുണ്ടെന്നും നീതി ലഭിക്കും വരെ സമരം തുടരുമെന്നും ഹർഷീന വ്യക്തമാക്കി.
2017ൽ മൂന്നാമത്തെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയപ്പോൾ നടത്തിയ പരിശോധനയിൽ വയറ്റിൽ കത്രിക കണ്ടെത്തി. 1,736 ദിവസം കൊടിയ വേദനസഹിച്ചു ഹർഷീന. സംഭവത്തിൽ ശാസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാലുപേരെ പ്രതി ചേർത്ത് മെഡിക്കൽ കോളജ് പൊലീസ് 2023ൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2024 ജൂലൈ 20ന് വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയും വിചാരണയ്ക്ക് സ്റ്റേ നേടിയെടുക്കുകയും ചെയ്തു.