പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തെ സ്വാഗതം ചെയ്ത് മാലിദ്വീപ് മുൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. നയതന്ത്ര സംഘർഷങ്ങൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിൽ സന്തോഷമുണ്ടെന്ന് ഷാഹിദ് പറഞ്ഞു.
മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതിനാൽ ഇതിന് ആഴത്തിലുള്ള പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സന്ദർശനം വെറും പ്രതീകാത്മകമല്ലെന്നും, ഉഭയകക്ഷി ബന്ധങ്ങളിലെ അർത്ഥവത്തായ മാറ്റത്തെ അടയാളപ്പെടുത്തുന്നുവെന്നും ഷാഹിദ് അഭിപ്രായപ്പെട്ടു.
മുൻകാല തെറ്റുകൾക്കുള്ള “പൊതു അംഗീകാരം” എന്നാണ് ഇതിനെ വിശേഷിപ്പിച്ച അബ്ദുള്ള ഷാഹിദ് സ്വാതന്ത്ര്യാഘോഷങ്ങൾക്ക് മോദിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കാനുള്ള തീരുമാനം, മുൻകാല ഇന്ത്യാ വിരുദ്ധ ആഖ്യാനം അടിസ്ഥാനരഹിതമാണെന്ന് മാലിദ്വീപ് സർക്കാർ അംഗീകരിച്ചതിന്റെ തെളിവാണെന്ന് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെക്കുറിച്ച് പരാമർശിക്കവേ, കഴിഞ്ഞ 60 വർഷമായി ഇന്ത്യ മാലിദ്വീപിന് നൽകുന്ന സ്ഥിരമായ പിന്തുണ ഷാഹിദ് എടുത്തുപറഞ്ഞു.
ഇന്ത്യയുടെ വികസന പങ്കാളി ഉദാരമതിയാണെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വളർച്ചയ്ക്കും ഗണ്യമായ സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു.