ഗാസയില്‍ തുടരുന്ന മാനുഷിക പ്രതിസന്ധിയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും അവിടെ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ബുധനാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. ‘ഗാസയിലെ ജനങ്ങള്‍ നേരിടുന്ന മാനുഷിക വെല്ലുവിളികളെ നേരിടാന്‍ യുദ്ധത്തിലെ താല്‍ക്കാലിക വിരാമം പര്യാപ്തമല്ല. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും രൂക്ഷമായ ക്ഷാമം, ദുര്‍ബലമായ ആരോഗ്യ സേവനങ്ങള്‍, ദിവസേന വിദ്യാഭ്യാസം ലഭ്യമാകാത്തത് തുടങ്ങിയ പ്രശ്‌നങ്ങള്‍ അവിടത്തെ ജനങ്ങള്‍ നേരിടുന്നു.’ എന്നു പറഞ്ഞു.
ജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ ഇനി തുടരാന്‍ അനുവദിക്കരുതെന്ന് ഹരീഷ് പറഞ്ഞു. മാനുഷിക സഹായം സുരക്ഷിതമായും, തുടര്‍ച്ചയായും, കൃത്യസമയത്തും എത്തിക്കേണ്ടത് പ്രധാനമാണ്. സമാധാനത്തിന് ബദലില്ല. അവിടെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണം. എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ഒരേയൊരു ഫലപ്രദമായ മാര്‍ഗം സംഭാഷണവും നയതന്ത്രവുമാണ്. മറ്റ് പരിഹാരമില്ല. ഇന്ത്യ അതിന്റെ പലസ്തീന്‍ സഹോദരീസഹോദരന്മാരുമായി ചരിത്രപരവും ശക്തവുമായ ബന്ധം പങ്കിടുന്നുവെന്ന് ഹരീഷ് കൗണ്‍സില്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഞങ്ങള്‍ എപ്പോഴും അവരോടൊപ്പം നിന്നിട്ടുണ്ട്, പലസ്തീന്‍ ലക്ഷ്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമാണ്,’ അദ്ദേഹം പറഞ്ഞു.