ന്യൂയോർക്ക്: ഡബ്ല്യുഡബ്ല്യുഇ താരവും മുൻ ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 71 വയസായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ തന്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂണിൽ ഹൾക്കിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഹൾക്ക് കോമയിലാണെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. ഭാര്യ സ്കൈ ഇക്കാര്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് വിയോഗം. 1953ൽ ജോർജിയയിലെ അഗസ്റ്റയിലാണ് ഹൾക്ക് ജനിച്ചത്. ടെറി ജീൻ ബൊളിയ എന്നാണ് യഥാർഥ പേര്. കൗമാര പ്രായത്തിൽ തന്നെ ഗുസ്തി ഇഷ്ടമായിരുന്ന ഹൾക്ക് 1977ലാണ് കായികരംഗത്തേക്ക് പ്രവേശിക്കുന്നത്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രത്തിലാണ് പലപ്പോഴും ഹൾക്ക് റിങ്ങിലെത്തിയത്. 1980കളിൽ ഡബ്ല്യുഡബ്ല്യുഇയിൽ നിറഞ്ഞുനിന്ന താരമാണ് ഹൾക്ക്. സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
1983ലായിരുന്നു ആദ്യ വിവാഹം. ലിൻഡ ഹോഗനാണ് ആദ്യ ഭാര്യ. ബ്രൂക്ക്, നിക്ക് എന്നീ രണ്ടു മക്കളുണ്ട്. 2009ൽ ലിൻഡയുമായി വിവാഹമോചനം നേടി. പിന്നാലെ 2010 ജെന്നിഫർ മക്ഡാനിയേലിനെ വിവാഹം ചെയ്തു. ഒരു വർഷത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ഹോഗൻ വീണ്ടും വിവാഹിതനായി. സ്കൈ ഡെയ്‌ലിയെയാണ് വിവാഹം ചെയ്തത്.