സൗമ്യാ വധക്കേസ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ തുടര്‍ന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തില്‍നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും അദ്ദേഹത്തിന്റെ മനോനില പരിശോധിക്കണമെന്നും ജയരാജന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമുള്ള കെ സുരേന്ദ്രന്റെ പ്രതികരണത്തിനാണ് പി ജയരാജന്റെ മറുപടി.
പി ജയരാജന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്:
കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം.
എന്നാൽ ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്.
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു.