കൊച്ചി: ബ്രഹ്മസ്ഥാനം ക്യാംപസിൽ നടന്ന സമാരംഭം 2025 എന്ന പരിപാടിയിലൂടെയാണ് ഈ വർഷം പുതുതായെത്തിയ എഴുന്നൂറോളം വിദ്യാർത്ഥികളെ അമൃത സ്വാഗതം ചെയ്തത്. ക്യാംപസ് ഡയറക്ടറും ഡീനുമായ ഡോ. യു കൃഷ്ണകുമാർ ചടങ്ങിൽ സ്വാഗതമാശംസിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
സംസ്ഥാന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരള കാർഷിക സർവകലാശാലയുടെ വൈസ് ചാൻസലർ എന്നീ പദവികൾ വഹിക്കുന്ന ഡോ. ബി. അശോക്, ഐഎഎസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അമൃത സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗം മേധാവി ഡോ. ശാന്തികുമാർ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സമാരംഭം 2025 ലെ വിശിഷ്ടാതിഥികളായിരുന്ന യു.എസ്.എയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് മുൻ പ്രൊഫസർ ഡോ. നാരായണൻ മേനോൻ കൊമേരത്ത്, യു.എസ്.എയിലെ ഹ്യൂസ്റ്റൺ സർവകലാശാലയിലെ സോഷ്യോളജി ആൻഡ് ഇന്ത്യാ സ്റ്റഡീസിലെ മുൻ പ്രൊഫസർ ഡോ. ശരത് മേനോൻ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിലെ ഗവേഷകനും എഫ്.എ.സി.ടി കൊച്ചിയിലെ മുൻ സ്ട്രക്ചറൽ ഡിസൈൻ എഞ്ചിനീയറും ചീഫ് എഞ്ചിനീയറുമായ ഡോ. പി. രാജശേഖർ എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.
വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും ബ്രഹ്മസ്ഥാനം ക്യാംപസിൽ നടന്ന സമാരംഭം 2025 ൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഐകെഎസ് മാഗസിൻ, അമൃതകിരണം ഫോട്ടോ ലോഗ് എന്നിവയുടെ പ്രകാശനവും സമാരംഭം വേദിയിൽ വെച്ച് സ്വാമി പൂർണാമൃതാനന്ദപുരി നിർവഹിച്ചു. അമൃത സ്കൂൾ ഓഫ് ആർട്സ്, ഹ്യുമാനിറ്റീസ് & കൊമേഴ്‌സ് വൈസ് പ്രിൻസിപ്പൽ ഡോ. പി ബാലസുബ്രഹ്മണ്യം ചടങ്ങിൽ നന്ദി പ്രകാശനം നടത്തി.