ഹോളിവുഡ് നടൻ വിൽ സ്മിത്തിന്റെ മകൻ ജേഡൻ സ്മിത്ത് മയക്കുമരുന്നു കേസിൽ പിടിയിൽ. അഭിനേതാവും റാപ്പറുമായ ജേഡൻ സ്മിത്ത് പാരീസിൽ നിന്നുമാണ് പിടിയിലായത്. ഫ്രാൻസിൽ കഞ്ചാവ് നിയമവിരുദ്ധമായതിനാൽ, നിയമപരമായി കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
സുഹൃത്തുക്കൾക്കൊപ്പം പാരിസിൽ പാർട്ടി നടത്തുന്നതിനിടെ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് ജേഡൻ സ്മിത്ത് പിടിക്കപ്പെട്ടത്. മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുമായി പാരിസിലെ രണ്ട് പാർട്ടി സ്ഥലങ്ങളിൽ നിന്ന് ജേഡൻ പുറത്തുവരുന്നതിന്റെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു.
‘ജേഡൻ അപകടത്തിലേക്കാണ് നീങ്ങുന്നത്. ഒരു വിദേശ നഗരത്തിൽ പുലർച്ചെ മൂന്നുമണിക്ക് അവൻ മതിമറന്ന് പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ഇപ്പോൾ അവൻ വീട്ടിൽ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കുന്നുള്ളൂ. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ അവരെ പൂർണമായും ഒഴിവാക്കുകയായിരിക്കാം’– കുടുംബവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്കും കുടുംബത്തിലെ മറ്റുള്ളവർക്കും സൈക്കഡെലിക് മയക്കുമരുന്നുകൾ പരിചയപ്പെടുത്തിയത് അമ്മ ജാഡ പിങ്കറ്റ് സ്മിത്ത് ആണെന്ന് ജേഡൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
നടിയും മോഡലുമാണ് ജാഡ പിങ്കറ്റ്. 1997-ലാണ് വിൽ സ്മിത്ത് ജാഡയെ വിവാഹം ചെയ്യുന്നത്. വിൽ സ്മിത്തിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവർക്കും 1998-ൽ ജേഡനും 2000-ൽ മകൾ വിലോയും പിറന്നു. കുട്ടികളെ വ്യക്തികളായി പരിഗണിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് തൻ്റെ രക്ഷാകർതൃത്വ രീതിയെന്നും കുട്ടികൾക്ക് സ്വയം പ്രകടിപ്പിക്കാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുമുള്ള സ്വാതന്ത്ര്യം കുടുംബം നൽകിയിട്ടുണ്ടെന്നും വിൽ സ്മിത്ത് മുൻപ് പറഞ്ഞിട്ടുണ്ട്. 15-ാം വയസ്സിൽ നിയമപരമായി വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ ജേഡൻ അനുവാദം ചോദിച്ചിരുന്നു.