World

ഗാസയില്‍ അഞ്ച് പട്ടിണി മരണം | Gaza

ഗാസയില്‍ അഞ്ച് പലസ്തീനികള്‍ കൂടി പട്ടിണി കിടന്ന് മരിച്ചു. ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുകയാണ്. അതേസമയം, ഗാസ മുനമ്പിൽ അടിയന്തര സഹായവസ്തുക്കളുമായി പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹന്‍ഡാല കപ്പല്‍ ഇസ്രായേല്‍ സൈന്യം പിടിച്ചെടുത്തു. ഇസ്രായേലി ഉപരോധം മറികടക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ 21 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു.

ഭക്ഷണം തേടിയെത്തിയ 42 പേര്‍ ഉള്‍പ്പെടെ 71 പേരെ കഴിഞ്ഞ ദിവസം ഇസ്രയേൽ സൈന്യം കൊന്നിരുന്നു. അതിനിടെ, ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസയിലേക്ക് ചെറിയ അളവില്‍ സഹായം വിതരണം ചെയ്തിരുന്നു. എന്നാൽ, തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ക്ക് പരുക്കേറ്റു. ഗാസയിലെ ജനതക്ക് കൂടുതൽ ദുരിതമാകുന്നതാണ് ഇത്തരം ഇസ്രയേലിന്റെ സഹായവിതരണം. പരിമിത തോതിലായതിനാൽ തിക്കും തിരക്കുമുണ്ടാകുകയും കൂടുതൽ ആൾനാശം സംഭവിക്കുകയുമാണ് ഇസ്രയേൽ ലക്ഷ്യം.

ശനിയാഴ്ച മാത്രം, വിശന്നുവലഞ്ഞ് ഭക്ഷണം തേടിയെത്തിയ 42 പലസ്തീനികളെയാണ് ഇസ്രയേൽ കൊന്നത്. ഇസ്രായേല്‍ സൈന്യവും യുഎസ് കൂലിപ്പടയാളികളും ചേര്‍ന്ന് ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന ആയിരത്തിലധികം പേരെ ഇതിനകം വധിച്ചിട്ടുണ്ട്.