കുവൈത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി സുരക്ഷാ പരിശോധന നടത്തി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി റെസിഡൻസ്, തൊഴിൽ നിയമങ്ങൾ ലംഘിച്ച 192 പേരെ പിടികൂടി.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ പരിശോധനയുടെ പിന്നിൽ കുവൈത്തിലെ സുരക്ഷാ വ്യവസ്ഥ ശക്തമാക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫർ അൽ അദ്വാനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്.
ജഹ്റ, ജലീബ് അൽ ഷുവൈഖ്, മഹ്ബൂല, അൽ ഖുറൈൻ മാർക്കറ്റ്, അഹമ്മദി, ഫഹഹീൽ തുടങ്ങിയ ജനസാന്ദ്രതയുള്ള ഭാഗങ്ങളിലാണ് പരിശോധന പ്രധാനമായും നടത്തപ്പെട്ടത്. നിയമലംഘകരെ കണ്ടെത്തുകയും നിയമാനുസൃത നടപടി സ്വീകരിക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.