ഓസ്‌ട്രേലിയയിൽ അഞ്ചംഗ സംഘം ഇന്ത്യൻ വംശജനെ ക്രൂരമായി മർദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗരഭ് ആനന്ദ് എന്ന യുവാവാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. മെൽബണിലെ ഷോപ്പിങ് സെന്ററിന് പുറത്തുവെച്ചായിരുന്നു സംഭവം.
മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ യുവാവിനെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ‘ഓസ്ട്രേലിയൻ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു. കൗമാരക്കാരായ കുട്ടികളാണ് തന്നെ ഉപദ്രവിച്ചതെന്നും കവർച്ചയായിരുന്നു ഉദ്ദേശ്യമെന്നും യുവാവ് പറഞ്ഞു. തോളിലും പുറകിലും കുത്തിയും വെട്ടിയും പരിക്കേൽപ്പിച്ചു. നട്ടെല്ലിന് പൊട്ടലും കയ്യിലെ എല്ലുകൾക്ക് ഒടിവും തലയ്ക്ക് ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു.
യുവാവിന്റെ പരിക്കുകളെല്ലാം അതീവ ഗുരുതരമാണെന്നും രോഗമുക്തി എത്രത്തോളം ഉണ്ടാകുമെന്ന് പറയാനാവില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ചാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയുമാണ്.
STORY HIGHLIGHT: Indian origin man brutally attacked in Australia