ലോകേഷ് കനകരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനായ ‘കൂലി’. ചിത്രത്തിലെ ‘മോണിക്ക’ എന്ന ഗാനത്തിന് സൗബിൻ ചുവടുവച്ചത് അതിഗംഭീരമായിട്ടാണ്. നടന്റെ ഡാൻസ് ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ ‘ഭീഷ്മപർവ’ത്തിലെ സൗബിൻ ഷാഹിറിന്റെ ഡാൻസ് കണ്ടാണ് ‘മോണിക്ക’ ഗാനത്തിനു ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തി ലോകേഷ് കനകരാജ്.
‘ഗലാട്ട തമിഴി’ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സൗബിനാണ് ‘മോണിക്ക’ ഗാനത്തിന്റെ ഭംഗി കൂട്ടിയത്. നായകനും നായികയും ഡാൻസ് ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷേ വില്ലൻ ഡാൻസ് കളിക്കുക എന്നത് പുതിയ കാര്യമായിരുന്നു. ‘ഭീഷ്മപർവം’ സിനിമ കാണുന്ന സമയത്ത് തോന്നിയതാണ്. ഇത്ര നന്നായി ഡാൻസ് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് സൗബിനോട് ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചുകൂടാ എന്ന്’, ലോകേഷ് കനകരാജ് പറഞ്ഞു. രജിനികാന്ത്–ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യിലെ ‘മോണിക്ക’ ഗാനം റിലീസ് ആയതുമുതൽ സൗബിന്റെ ഡാൻസാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച.
സിംപിൾ വേഷത്തിൽ സ്റ്റൈലിഷായി ചുവടു വയ്ക്കുന്ന സൗബിന്റെ അസാമാന്യ മെയ്‌വഴക്കവും ആറ്റിറ്റ്യൂഡും ഇതിനോടകം നിരവധി ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. തെന്നിന്ത്യൻ താരം പൂജ ഹെഗ്ഡെയുടെ സ്റ്റൈലിഷ് ഡാൻസ് നമ്പർ ചടുലമായ ചുവടുകളിലൂടെ സൗബിൻ സ്വന്തമാക്കുകയായിരുന്നു. എന്നാൽ സൗബിന്റെ ഡാൻസ് പ്രേക്ഷകരെ ആദ്യമായി അമ്പരിപ്പിച്ചത് ‘ഭീഷ്മപർവം’ സിനിമയിലെ ‘പറുദീസ’ എന്ന ഗാനരംഗത്തിലാണ്. അതുവരെ സ്ക്രീനിൽ നിറഞ്ഞാടിയ യുവതാരങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു സൗബിന്റെ ചുവടുകൾ. അതും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘അമ്പിളി’യിലെ ‘ഞാൻ ജാക്സൺ അല്ലെടാ’ എന്ന ഗാനരംഗത്ത് ആ കഥാപാത്രമായി നിന്നുകൊണ്ട് രസകരമായ പ്രകടനം താരം കാഴ്ചവച്ചിരുന്നു.