ബിഎംഡബ്ല്യു കാര്‍ സ്കൂട്ടറിലിടിച്ച് അഞ്ചു വയസുകാരി മരിച്ചു. നോയിഡ സെക്ടര്‍ 20-ല്‍ ആയിരുന്നു അപകടം. സദര്‍പൂര്‍ നിവാസികളായ ഗുല്‍ മുഹമ്മദിന്റെ മകള്‍ ആയത്ത് ആണ് മരിച്ചത്. കുഞ്ഞിനൊപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന ഗുല്‍ മുഹമ്മദിനും ഭാര്യാസഹോദരന്‍ രാജയ്ക്കും അപകടത്തിൽ പരിക്കേറ്റു. സംഭവത്തെ തുടർന്ന് കാര്‍ ഓടിച്ചിരുന്ന യഷ് ശര്‍മ്മയെയും അഭിഷേക് റാവത്ത് എന്ന സഹയാത്രികനെയും പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ ആശുപത്രിയിൽ ഡോക്ടറെ കാണിച്ചശേഷം തിരിച്ച് വീട്ടിലേക്ക് പോകാനായി സ്കൂട്ടറില്‍ മടങ്ങുകയായിരുന്നു മൂവരും. ഈ സമയം പിന്നില്‍ നിന്നുവന്ന കാര്‍ നിയന്ത്രണംവിട്ട് സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. യഷ് ശര്‍മയും അഭിഷേക് റാവത്തും ഉടന്‍തന്നെ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു എങ്കിലും പോലീസ് പിടികൂടി. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: 5-year-old girl killed as speeding BMW car