Automobile

580 കിലോമീറ്റർ റേഞ്ചുമായി എംജിയുടെ സൈബർസ്റ്റർ ഇലക്‌ട്രിക് സ്‌പോർട്‌സ് കാർ!!

എംജിയുടെ പ്രീമിയം വാഹന നിരയിലേക്ക് പുതിയ മോഡൽ കൂടി. എംജി സൈബർസ്റ്റർ ഇലക്‌ട്രിക് സ്‌പോർട്‌സ് കാർ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ‘ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാർ’ എന്ന വിശേഷണവുമായാണ് ജെഎസ്‌ഡബ്ലു എംജി മോട്ടോർ ഇന്ത്യ പുതിയ മോഡൽ പുറത്തിറക്കിയത്.

അന്താരാഷ്ട്ര വിപണിയിൽ ഈ ഇലക്‌ട്രിക് കാർ വലിയ ശ്രദ്ധ നേടിയിരുന്നെങ്കിലും, 2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിച്ചപ്പോഴാണ് ഇന്ത്യയിൽ ശ്രദ്ധ നേടിയത്.

74.99 ലക്ഷം രൂപയാണ് എംജി സൈബർസ്റ്ററിന്‍റെ വില. ഈ കാർ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്ക് 72.49 ലക്ഷം രൂപയ്‌ക്ക് ലഭ്യമാവും. എം‌ജി സൈബർ‌സ്റ്റർ നാല് നിറങ്ങളിൽ ലഭ്യമാകും. ചുവന്ന റൂഫുള്ള ആൻഡ്രസ് ഗ്രേ, ചുവന്ന റൂഫുള്ള മോഡേൺ ബീജ്, കറുത്ത റൂഫുള്ള ന്യൂക്ലിയർ യെല്ലോ, കറുത്ത റൂഫുള്ള ഫ്ലെയർ റെഡ് എന്നീ നിറങ്ങളിലാണ് ഇത് ലഭ്യമാവുക.

ഇന്ത്യയിലെ 13 നഗരങ്ങളിൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള എംജി സെലക്‌ട് എക്‌സ്‌പീരിയൻസ് സെന്‍ററുകൾ സന്ദർശിച്ചോ, എംജി സെലക്‌ട് സന്ദർശിച്ചോ ബുക്കിങ് ഓൺലൈനായി നടത്താം. എംജി സൈബർസ്റ്ററിനൊപ്പം പോർട്ടബിൾ 3.3 കിലോവാട്ട് ചാർജർ, 7.4 കിലോവാട്ട് വാൾ ബോക്‌സ് ചാർജർ, സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷൻ എന്നിവയും കമ്പനി നൽകും. ആദ്യ ഉടമയ്ക്ക് ലൈഫ് ടൈം ബാറ്ററി വാറണ്ടി ലഭിക്കും. കൂടാതെ 3 വർഷം പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയും കമ്പനി വാഗ്‌ദാനം ചെയ്യും.

ക്ലാസിക് ഓപ്പൺ-ടോപ്പ് മോട്ടോറിങും ആധുനിക പെർഫോമൻസും കൂടെ ഒന്നിക്കുന്നതാണ് എംജി സൈബർസ്റ്റർ. പുതിയ ഇലക്‌ട്രിക് സ്‌പോർട്‌സ് കാറിന്‍റെ ഡിസൈനും ഫീച്ചറുകളും വിശദമായി പരിശോധിക്കാം.

എക്‌സ്റ്റീരിയർ ഫീച്ചറുകൾ: ആകർഷകമായ, ലോ സ്ലങ്, കൺവെർട്ടിബിൾ ബോഡി സ്റ്റെലാണ് ഈ ഇവിയുടെ സവിശേഷത. ഇതിന്‍റെ മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകളും ഡേടൈം റണ്ണിങ് ലൈറ്റുകളും ഉണ്ട്. പിൻഭാഗത്ത് താഴേക്ക് വളഞ്ഞ ബൂട്ടും, സ്‌പോയിലറായി പ്രവർത്തിക്കുന്ന ചെറുതായി ഉയർത്തിയ അരികും ഉണ്ട്. ഇന്‍റഗ്രേറ്റഡ് ഇൻഡിക്കേറ്ററുള്ള പൂർണ്ണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറും ഇതിലുണ്ട്.

2,690 എംഎം വീൽബേസുള്ള ഒരു ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമാണ് സൈബർസ്റ്ററിന്‍റെ ഒരു ഫീച്ചർ. 20 ഇഞ്ച് പിറെല്ലി പി-സീറോ അലോയ് വീലുകളും ഇതിലുണ്ട്.

ഇന്‍റീരിയർ ഫീച്ചറുകൾ: രണ്ട് 7 ഇഞ്ച് ഡിജിറ്റൽ ഡിസ്‌പ്ലേകൾ, 10.25 ഇഞ്ച് സെന്‍റർ-മൗണ്ടഡ് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, ഡൈനാമിക്ക സ്യൂഡ്, പ്രീമിയം വീഗൻ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, PM 2.5 ഫിൽട്ടറുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു ബോസ് ഓഡിയോ സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകളുള്ള ഒരു ഫ്ലാറ്റ്-ബോട്ടം മൾട്ടിഫങ്‌ഷൻ സ്റ്റിയറിങ് വീൽ, സ്റ്റിയറിങ്-മൗണ്ടഡ് ഓഡിയോ, ഡിസ്‌പ്ലേ കൺട്രോളുകൾ, ഒരു റോട്ടറി സെലക്‌ടർ എന്നിവ അടങ്ങുന്നതാണ് എംജി സൈബർസ്റ്ററിന്‍റെ ഇന്‍റീരിയർ. സുരക്ഷാ ഫീച്ചറായി ലെവൽ 2 ADAS, ഡ്രൈവർ മോണിറ്ററിങ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.

പവർട്രെയിൻ: എം‌ജി സൈബർ‌സ്റ്ററിൽ ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് (എ‌ഡബ്ല്യുഡി) പവർ‌ട്രെയിൻ ആണ് ഉള്ളത്. 503 bhp പവറും 725 Nm ടോർക്കും ഉത്‌പാദിപ്പിക്കും. വെറും 3.2 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. 77 കിലോവാട്ട്സ് അൾട്രാ-തിൻ ബാറ്ററി പായ്ക്കാണ് സൈബർസ്റ്ററിൽ നൽകിയിരിക്കുന്നത്. ഇത് 580 കിലോമീറ്റർ MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്‌ദാനം ചെയ്യും.