india

വളർത്തുമൃഗങ്ങൾക്ക് ഇനി വീട്ടുപടിക്കൽ ചികിത്സ: പദ്ധതിയുമായി മൃഗ സംരക്ഷണ വകുപ്പ്

കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്. വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം നൽകാൻ ആരംഭിച്ച ഈ പദ്ധതി, റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കൂടുതൽ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

ഓരോ മൊബൈൽ സർജറി യൂണിറ്റിലും രണ്ട് വെറ്ററിനറി ഡോക്ടർമാർ, ഒരു ഡ്രൈവർ കം അറ്റൻഡർ, അത്യാധുനിക ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുണ്ട്. മൊബൈൽ സർജറി യൂണിറ്റുകൾ എല്ലാ ദിവസവും (ഞായർ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും, വളർത്തുമൃഗങ്ങൾക്ക് ചികിത്സ നൽകാനുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ വൈകിട്ട് 4 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും.

2023 ജനുവരിയിൽ 29 ബ്ലോക്കുകളിൽ ആരംഭിച്ച പദ്ധതി, റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ബാക്കിയുള്ള ബ്ലോക്കുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. 3.11 കോടി രൂപ വിലവരുന്ന 59 മൊബൈൽ യൂണിറ്റുകളാണ് നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് കർഷകർക്ക് ഈ സേവനം ലഭ്യമാകുന്നത്. ജി.പി.എസ് സംവിധാനത്തിലൂടെ യൂണിറ്റുകളുടെ സ്ഥാനം കൃത്യമായി നിയന്ത്രിക്കാനും കർഷകർക്ക് വേഗത്തിൽ സേവനം എത്തിക്കാനും സാധിക്കുന്നു. സർക്കാർ നിശ്ചയിച്ച നിരക്കിൽ, മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക്, വളർത്തുമൃഗങ്ങൾക്ക് ശസ്ത്രക്രിയകൾ നടത്തിക്കൊടുക്കുന്നുണ്ട്.

Latest News